റിയാദ്- ഇത്തവണത്തെ ബലി പെരുന്നാളിന് സൗദി അറേബ്യയിൽ സ്വകാര്യമേഖലയിൽ ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. അറഫ ദിനമായ ജൂൺ അഞ്ചു വ്യാഴം മുതൽ ജൂൺ പത്തു (ചൊവ്വ) വരെയാണ് അവധി. (ആറു ദിവസം). നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത് എങ്കിലും സാധാരണ അവധി ദിവസങ്ങളായ വെള്ളി, ശനി അടക്കം ആറു ദിവസത്തെ അവധി ലഭിക്കും.
സൗദി അറേബ്യയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലിപെരുന്നാൾ ജൂൺ ആറിനായിരിക്കും. അറഫ ദിവസം വ്യാഴാഴ്ചയാണ്. ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിലും ജൂൺ ആറിനായിരിക്കും ബലി പെരുന്നാൾ.
കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ ജൂൺ ഏഴിനായിരിക്കുമെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ പി.പി ഉണ്ണീൻ കുട്ടി മൗലവി തുടങ്ങിയവർ അറിയിച്ചു.