ജിദ്ദ – ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറന്നതായി നിയോം ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറക്കുന്ന നിയോമിലെ ആദ്യ കേന്ദ്രമാണ് സിന്ദാല ദ്വീപ്. സിന്ദാല ദ്വീപ് വികസന പദ്ധതി സൗദി കിരീടാവകാശി 2022 ഡിസംബറിലാണ് പ്രഖ്യാപിച്ചത്. ദ്വീപിന്റെ ഉദ്ഘാടനം സൗദിയില്‍ ടൂറിസം മേഖലക്ക് പിന്തുണ നല്‍കുന്ന പ്രധാന ചുവടുവെപ്പാണ്. 30,000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും നാലു പ്രാദേശിക പങ്കാളികളുമായും 60 സബ് കോണ്‍ട്രാക്ടര്‍മാരുമായും സഹകരിച്ചും രണ്ടു വര്‍ഷമായി നിയോം നടത്തിയ അശ്രാന്തവും ദ്രുതഗതിയിലുള്ളതുമായ പ്രയത്‌നങ്ങളുടെ ഫലമായാണ് സിന്ദാല ഉദ്ഘാടനം ചെയ്തത്.
വ്യതിരിക്തവും നൂതനവുമായ ലക്ഷ്യസ്ഥാനങ്ങള്‍ നവീകരിക്കാനും അവ വിജയകരമായി നടപ്പിലാക്കാനുമുള്ള നിയോമിന്റെ കഴിവ് സിന്ദാല ദ്വീപ് ഉദ്ഘാടനം സ്ഥിരീകരിക്കുന്നു.
ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആദ്യ ബാച്ച് സന്ദര്‍ശകരെ സിന്ദാല ദ്വീപില്‍ സ്വീകരിച്ചു. സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് നിയോം തീരത്തു നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ ചെങ്കടലിലെ ഹരിതനീലിമ ജലത്തിന് മധ്യേയാണ് സിന്ദാല ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ അദ്വിതീയമായ ഡെസ്റ്റിനേഷന്‍ 8,40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ഇത് ചെങ്കടലിലേക്കുള്ള നിയോമിന്റെ പ്രവേശന കവാടമായി കണക്കാക്കപ്പെടുന്നു. യൂറോപ്പ്, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്ലാസ നൗകകള്‍ക്കും കപ്പലുകള്‍ക്കും എളുപ്പത്തിലും സുഗമമായും സിന്ദാലയിലെത്താന്‍ കഴിയും. മധ്യധരണ്യാഴി തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് 17 മണിക്കൂര്‍ യാത്ര ചെയ്തും സിന്ദാലയില്‍ എത്താന്‍ സാധിക്കും.
സാങ്കേതികവിദ്യയും വാസ്തുവിദ്യാ മികവും കൊണ്ട് മെച്ചപ്പെടുത്തിയ നൂതനമായ രൂപകല്‍പനയും പ്രകൃതി സൗന്ദര്യവും സിന്ദാലയില്‍ സമന്വയിക്കുന്നു. മറീനകളുടെയും ഉല്ലാസ നൗകകളുടെയും രൂപകല്‍പനയില്‍ ലോകത്തെ മുന്‍നിര സ്ഥാപനമായ ലൂക്കാ ഡിനിയാണ് സിന്ദാല വികസന പദ്ധതി രൂപകല്‍പന ചെയ്തത്. ഒരുകൂട്ടം റെസ്റ്റോറന്റുകളും ഹോട്ടലുകളും അന്താരാഷ്ട്ര സൗകര്യങ്ങളും അതുല്യമായ അനുഭവങ്ങളും സിന്ദാലയില്‍ അടങ്ങിയിരിക്കുന്നു. 3,500 ഓളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന സിന്ദാല പദ്ധതി പ്രദേശത്ത് 2028 ഓടെ പ്രതിദിനം 2,400 സന്ദര്‍ശകരെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 440 മുറികള്‍, 88 വില്ലകള്‍, 218 ഹോട്ടല്‍ അപാര്‍ട്ട്‌മെന്റുകള്‍ എന്നിവ നല്‍കുന്ന മൂന്നു അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ സിന്ദാല സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിവിധ ഓപ്ഷനുകള്‍ ലഭ്യമാക്കുന്നു. ദ്വീപ് സന്ദര്‍ശിക്കാനുള്ള ബുക്കിംഗ് വിവരങ്ങള്‍ നിയോമിന്റെ ടൂറിസം മേഖലാ ചാനലുകള്‍ വഴി ഉടന്‍ ലഭ്യമാകും.