ജിദ്ദ- യുവ തലമുറ ലഹരിക്കടിമപ്പെടുന്നതിൽ ലിബറൽ ആശയങ്ങളുടെ പ്രചാരണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രബോധകനും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനുമായ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ‘ലഹരി പിടിമുറുക്കുന്ന ന്യൂജൻ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മുതിർന്നവരെക്കാൾ കൂടുതൽ ഇന്നത്തെ തലമുറക്കറിയാം. എന്നാൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശങ്കപ്പെട്ടുകൊണ്ട് ഇന്നത്തെ ജീവിതത്തിലെ ആസ്വാദനങ്ങൾ ത്യജിക്കരുതെന്നാണ് ആധുനിക ലിബറൽ ആശയങ്ങൾ പുതിയ തലമുറയെ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ മദ്യത്തിന്റ പോഷകഗുണങ്ങൾ വിവരിക്കുന്ന മന്ത്രിമാരും അതിന്റെ വരുമാനം നാടിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ചിന്തിക്കുന്ന ജനപ്രതിനിധികളുമുണ്ടാകുമ്പോൾ കൂടുതൽ വെല്ലുവിളികളുയരുന്നു. അവിടെയാണ് ഇസ്ലാമിനും മുസ്ലിങ്ങൾക്കും ഉത്തരവാദിത്വമേറുന്നത്.
ഇന്നത്തെ കാലത്തുള്ള നിയമങ്ങളോ യാതൊരു നിയന്ത്രണങ്ങളോ ഇല്ലാതെ മദ്യവും വ്യഭിചാരവുമെല്ലാം വ്യാപകമായ ഒരു സമൂഹത്തിലേക്കായിരുന്നു പ്രവാചകൻ കടന്നു വന്നത്. എന്നാൽ അവരെ ഘട്ടം ഘട്ടമായി പരിവർത്തിപ്പിച്ചുകൊണ്ട് പൂർണ്ണമായും അതിൽ നിന്നൊക്കെ അദ്ദേഹം മോചിപ്പിക്കുകയായിരുന്നു.
പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിൽ തന്നെ മദ്യമടക്കം ഉപേക്ഷിക്കണമെന്ന് പ്രവാചകൻ പറഞ്ഞിരുന്നെങ്കിൽ അക്കാലത്ത് ഒരൊറ്റയാളും അതിന് സന്നദ്ധമാകില്ലായിരുന്നു എന്ന് പിന്നീട് ഈ വിഷയത്തിൽ പ്രവാചകപത്നി ആയിഷ(റ.അ) തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ പ്രവാചക മാതൃക പിൻപറ്റിക്കൊണ്ട് കുട്ടികളെ ചെറുപ്പം മുതൽ തന്നെ ആദർശബോധമുള്ളവരാക്കി വളർത്തിയെടുത്താൽ മാത്രമേ അവരെ ലഹരിയടക്കമുള്ള വിപത്തുകളിൽ നിന്ന് തടയാൻ നമുക്ക് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതമാശംസിക്കുകയും ഷാഫി ആലപ്പുഴ നന്ദിയറിയിക്കുകയും ചെയ്തു.