ജിദ്ദ – ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഷെയറുകളുടെ മൂല്യം 418.86 ബില്യണ്‍ റിയാലായി ഉയര്‍ന്നു. സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ഉടമസ്ഥാവകാശം 4.55 ശതമാനമായി ഉയര്‍ന്നതായി സൗദി ഷെയര്‍മാര്‍ക്കറ്റ് കമ്പനി (തദാവുല്‍) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍റുമൈഹ് വെളിപ്പെടുത്തി. പ്രാദേശിക മാക്രോഇക്കണോമിക് പരിതസ്ഥിതിയില്‍ ആഗോള സമ്മര്‍ദങ്ങളുടെ തുടര്‍ച്ചയായ ആഘാതങ്ങള്‍ക്കിടെ ഉപഭോക്താക്കളെയും നിക്ഷേപകരെയും സാമ്പത്തിക വിപണിയെയും ബാധിക്കുന്ന നല്ല സംഭവവികാസങ്ങള്‍ക്ക് സൗദി അറേബ്യ സാക്ഷ്യം വഹിച്ചു.
തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനമായിരുന്നു. രണ്ടു വര്‍ഷത്തിനിടെ സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയും കുറയുന്നത് ആദ്യമാണ്. പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിച്ച് 1.67 ശതമാനമായി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ പണപ്പെരുപ്പം 1.6 ശതമാനമായിരുന്നു.
കഴിഞ്ഞ കൊല്ലം നാലാം പാദത്തെ അപേക്ഷിച്ച് ഓഹരി വിപണിയിലെ മൊത്തം ഇടപാടുകളുടെ എണ്ണം 32.04 ശതമാനം തോതില്‍ വര്‍ധിച്ചു. ആദ്യ പാദത്തില്‍ 3,50,16,401 ഇടപാടുകളാണ് ഓഹരി വിപണിയില്‍ നടന്നത്. 2023 നാലാം പാദത്തെ അപേക്ഷിച്ച് 2024 ആദ്യ പാദത്തില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ഓഹരികളുടെ മൂല്യം 60 ശതമാനം തോതില്‍ വര്‍ധിച്ച് 575.88 ബില്യണ്‍ റിയാലായി.
സൗദി ഓഹരി വിപണിയില്‍ ഇഷ്യു ചെയ്ത ബോണ്ടുകളുടെയും സുകൂക്കുകളുടെയും ആകെ മൂല്യം 563.95 ബില്യണ്‍ റിയാലായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ബോണ്ടുകളുടെയും സുകൂക്കുകളുടെയും മൂല്യം 2.57 ശതമാനം തോതില്‍ വര്‍ധിച്ചതായും മുഹമ്മദ് അല്‍റുമൈഹ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 11 ട്രില്യണ്‍ റിയാലാണ്. 1.1 കോടി ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോകളും 65 ലക്ഷം നിക്ഷേപകരും സൗദി ഓഹരി വിപണിയിലുണ്ട്.