റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റായില്‍ ആരംഭിച്ച അഞ്ചാമത് ശഖ്‌റാ ചില്ലി ഫെസ്റ്റിവലിലേക്ക് സന്ദര്‍ശക പ്രവാഹം. സൗദിയില്‍ ഏറ്റവുമധികം പച്ചമുളക് ഉല്‍പാദിപ്പിക്കുന്നത് ശഖ്‌റായിലാണ്. സൗദിയിലെ ആകെ പച്ചമുളക് ഉല്‍പാദനത്തിന്റെ മുക്കാല്‍ ഭാഗവും ശതമാനവും ശഖ്‌റായുടെ വിഹിതമാണ്.
സൗദിയില്‍ പ്രതിവര്‍ഷം ആകെ 1,19,700 ടണ്‍ പച്ചമുളകാണ് ഉല്‍പാദിപ്പിക്കുന്നത്. റിയാദ് പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചില്ലി ഫെസ്റ്റിവലിന് നാളെ തിരശ്ശീല വീഴും.
കര്‍ഷകരെ പിന്തുണക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനും മികച്ച കാര്‍ഷിക രീതികളെ കുറിച്ച് ഉല്‍പാദകരെ ബോധവല്‍ക്കരിക്കാനും സീസണല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുമാണ് കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും എരിവുള്ള പച്ചമുളകിന് ശഖ്‌റാ പ്രശസ്തമാണ്. ഇവടയക്കം വ്യത്യസ്ത ഇനം പച്ചമുളകുകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു. സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ എരിവുള്ള സുഗന്ധവ്യഞ്ജനങ്ങളെ ഇഷ്ടപ്പെടുന്നവരെ ഫെസ്റ്റിവല്‍ ഒരുമിച്ച് കൊണ്ടുവരുന്നു.
പച്ചമുളക് ഉല്‍പാദനത്തില്‍ സൗദി അറേബ്യയുടെ സ്വയംപര്യാപ്തത 72 ശതമാനമാണ്.
ഏകദേശം 3,167 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്ത് പച്ചമുളക് കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പച്ചമുളക് ഉല്‍പാദിപ്പിക്കുന്നത് ശഖ്‌റാ അടങ്ങിയ റിയാദ് പ്രവിശ്യയിലാണ്. ഇവിടെ പ്രതിവര്‍ഷം 65,796 ടണ്‍ പച്ചമുളക് ഉല്‍പാദിപ്പിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള തബൂക്കില്‍ 10,484 ടണ്ണും മൂന്നാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 9,045 ടണ്ണും നാലാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 8,871 ടണ്ണും അഞ്ചാം സ്ഥാനത്തുള്ള ജിസാനില്‍ 7,347 ടണ്ണും പച്ചമുളക് ഉല്‍പാദിപ്പിക്കുന്നു. മറ്റു പ്രവിശ്യകളില്‍ 100 ടണ്‍ മുതല്‍ 5,548 ടണ്‍ വരെ പച്ചമുളക് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.
2024 ല്‍ ആഗോള പച്ചമുളക് വിപണി 1.61 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. 2029 ഓടെ ഇത് 2.16 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിളയുടെ സാമ്പത്തിക നേട്ടത്തെ പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group