ജിദ്ദ- ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഇക്കണോമിക് ആക്ടിവിറ്റീസ് കമ്മിറ്റിയിൽ മലയാളിയായ പ്രവാസി സംരംഭകൻ ഷാക്കിർ ഹുസൈൻ വലിയകത്തിന് അംഗത്വം. ഒരു മലയാളിക്ക് ഈ അംഗത്വം ലഭിക്കുന്നത് ഇതാദ്യമാണ്. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയായ ഷാക്കിർ ഹുസൈൻ അറേബ്യൻ ഹൊറൈസൻ സാരഥിയാണ്.
സമ്മേളനങ്ങൾ, പരിപാടികൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയിലാണ് ഷാക്കിർ ഹുസൈനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറുകിട–ഇടത്തരം സംരംഭ മേഖലയിൽ സജീവമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രതിനിധികളിൽ ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനങ്ങളും അനുഭവസമ്പത്തും പരിഗണിച്ചാണ് ജിദ്ദ ചേംബർ അംഗത്വം നൽകിയത്. സാമ്പത്തിക മേഖലയിലെ വെല്ലുവിളികളും ആവശ്യങ്ങളും വിലയിരുത്തി ഫലപ്രദമായ പരിഹാരങ്ങൾ രൂപപ്പെടുത്തുകയും വികസന സംരംഭങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ് ഇക്കണോമിക് ആക്ടിവിറ്റീസ് കമ്മിറ്റിയുടെ ലക്ഷ്യം. ഈ ദൗത്യത്തിൽ ഷക്കീറിന്റെ ദീർഘകാല പരിചയവും വൈദഗ്ദ്ധ്യവും നിർണായക സംഭാവന നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.
സൗദി അറേബ്യയിൽ ബിസിനസ് ആരംഭിക്കുന്ന വിദേശ നിക്ഷേപകർക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ സഹായങ്ങൾ നൽകി വരുന്ന അറേബ്യൻ ഹോറൈസൺ എന്ന പ്രമുഖ കൺസൾട്ടൻസി സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഷാക്കിർ ഹുസൈൻ. നിലവിൽ സൗദി അറേബ്യയിൽ ജലാറ്റോ ഡിവിനോ, ബിർൻ ആൻഡ് ബ്രോണ്ട് (അഡ്വർടൈസിംഗ് & മാർക്കറ്റിംഗ്), എബിസി പ്രൊഡക്ഷൻസ്, അൽ തമാം പ്ലാസ്റ്റിക് ഫാക്ടറി, ഗ്രീൻ ബാഗ്സ് സൗദി, മകാത്തി ഇന്റർനാഷണൽ, സെന്റോർ മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഷാക്കിർ ഹുസൈനുണ്ട്. ഇന്ത്യയിൽ നാപ്‌ടെക് ടൂൾസ്, ലൈഫ് ഇൻഫ്യൂഷൻ ഫാർമസ്യൂട്ടിക്കൽസ് എന്നീ ഫാക്ടറികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
സൗദി അറേബ്യയിൽ 29 വർഷത്തിലധികം ബിസിനസ് നേതൃത്വ പരിചയമുള്ള ഷാക്കിർ ഹുസൈൻ, സൗദി വിഷൻ 2030 ലക്ഷ്യങ്ങളോട് ചേർന്ന് രാജ്യാന്തര നിക്ഷേപങ്ങളും സംരംഭ വികസനവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള വിദ്യാഭ്യാസത്തിനു ശേഷം സൗദിയിലെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഹോൾസെയിൽ മേഖലയിലൂടെയാണ് അദ്ദേഹം തന്റെ സംരംഭക യാത്ര ആരംഭിച്ചത്. പിന്നീട് ഇൻഫർമേഷൻ ടെക്നോളജി, നിയമോപദേശം, കോർപ്പറേറ്റ് ഘടന നിർമാണം തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
2018-ൽ സ്ഥാപിച്ച അറേബ്യൻ ഹോറൈസൺ, ഇന്ന് സൗദി അറേബ്യയിൽ നൂറുകണക്കിന് സ്വദേശിയും വിദേശവുമായ ബിസിനസുകൾക്ക് വഴികാട്ടിയാണ്. 2024-ൽ ഇന്ത്യയിലെ GJEPC (ജെംസ് & ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ), ഇന്ത്യൻ വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്ന് സൗദി അറേബ്യയിലെ ഏറ്റവും വലിയ ആഭരണ പ്രദർശനം സംഘടിപ്പിച്ചതോടെ ഇന്ത്യ–സൗദി വ്യാപാര സഹകരണത്തിൽ പുതിയ അധ്യായം തുറക്കാനും സാധിച്ചു.



