റിയാദ്: വാഹനാപകടത്തില്‍ സൗദി പൗരന്‍ മരിച്ച കേസില്‍ റിയാദ് ജയിലില്‍ തടവിലായിരുന്ന കുന്ദമംഗലം പടനിലം സ്വദേശി ഷാജുവിന് ഒടുവിൽ മോചനം. മൂന്നു ലക്ഷം റിയാൽ (ഏകദേശം മുക്കാൽ കോടി ഇന്ത്യൻ രൂപ) ദയാധനം നൽകിയാണ് ഷാജുവിന്റെ മോചനം സാധ്യമായത്. 2019 ഡിസംബറിലാണ് ഷാജുവിന്റെ ജീവിതം ജയിലറക്കുള്ളിലായ വാഹനാപകടം നടന്നത്.
മുസാഹ്മിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ വിസയില്‍ എത്തിയതായിരുന്നു ഷാജു. ഇദ്ദേഹം ഓടിച്ച വാട്ടര്‍ ടാങ്കറിന്റെ പുറകില്‍ സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയും സ്വദേശി പൗരന്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. ടാങ്കര്‍ ഡ്രൈവറായ ഷാജുവിന് അദ്ദേഹത്തിന്റെ കമ്പനി ലൈസന്‍സോ ഇഖാമയോ നല്‍കിയിരുന്നില്ല. ഇതൊന്നും നല്‍കാതെ ജോലി ചെയ്ത കാരണത്താലാണ് പോലീസ് ഷാജുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
നാട്ടില്‍ ലീവിന് പോയ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ പ്രസിഡണ്ട് അബ്ദുല്‍ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യയുടെ പിതാവ് കൃഷ്ണന്‍ പടനിലം നേരില്‍ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിയാദിലെ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ രക്ഷാധികാരി നിഹാസ് പാനൂര്‍, സുബൈര്‍ കൊടുങ്ങല്ലൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രകാശ് കൊയിലാണ്ടി എന്നിവര്‍ ചേര്‍ന്ന് റിയാദിലെ സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി ഭാരത പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ എംബസിയുടെ സഹായത്താല്‍ ഷാജുവിനെ ജയില്‍ മോചിതനാക്കാന്‍ നടപടികള്‍ തുടങ്ങി.


അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരന് അബ്ദുല്‍ മജീദ് നിവേദനം നല്‍കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നിരന്തരമായി കമ്പനിയുമായും കോടതിയുമായും ബന്ധപ്പെട്ട് കേസുമായി മുന്നോട്ട് പോയി. ഒന്നരവര്‍ഷത്തിന് ശേഷം മൂന്ന് ലക്ഷം റിയാല്‍ മരിച്ച സൗദി പൗരന്റെ കുടുംബത്തിന്ന് ബ്ലഡ് മണിയായി നല്‍കാന്‍ കോടതി വിധി വന്നു. പകുതി തുക മാത്രമേ അടക്കാമെന്നും ബാക്കി തുക ഷാജു കണ്ടെത്തണമെന്നുമായിരുന്നു കമ്പനി പറഞ്ഞത്.
കേസ് നാലാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ തുടര്‍നടപടിക്ക് വേണ്ടി സാമൂഹ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഗഫൂര്‍ കൊയിലാണ്ടി എന്നിവരുടെയും സാന്നിധ്യത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത് മുഴുവന്‍ തുകയും കമ്പനിയെ കൊണ്ട് അടപ്പിക്കാനുള്ള സാധ്യതകള്‍ തേടി. ഈ തുക കണ്ടെത്താന്‍ നാട്ടിലുള്ള ബ്ലോഗര്‍മാരും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഫണ്ട് സമാഹരിച്ച് വരുന്ന സമയത്താണ് ബാക്കിവരുന്ന ഒന്നരലക്ഷം റിയാല്‍ കൂടി കമ്പനി അടച്ച് ഷാജുവിന് ഫൈനല്‍ എക്‌സിറ്റ് നല്‍കിയത്.