മക്ക – പരിശുദ്ധ ഹജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തില്‍ ഇത്തവണ ഖുതുബ നിർവഹിക്കുക ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്. ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി പങ്കെടുക്കുന്ന ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെയും ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളെയും അഭിസംബോധന ചെയ്തുള്ളതാണ് അറഫ ഖുതുബ.
അറഫ സംഗമത്തിനിടെ ഉദ്‌ബോധന പ്രസംഗം നിര്‍വഹിക്കാന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദിനെ ചുമതലപ്പെടുത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതായി ഹറംമതകാര്യ വകുപ്പ് അറിയിച്ചു. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്‌ലിം ലോകം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
അതേസമയം, ജൂണ്‍ ആറ് വെള്ളിയാഴ്ചയാകും ഇത്തവണ ബലിപെരുന്നാള്‍ എന്ന് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമി സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മെയ് 28 ബുധനാഴ്ചയാകും ദുല്‍ഹജ് ഒന്ന്. ജൂണ്‍ അഞ്ചിന് വ്യാഴം അറഫ ദിനവും ജൂണ്‍ ആറിന് വെള്ളി ബലിപെരുന്നാളുമാകും. മെയ് 27 ന് ചൊവ്വാഴ്ച വൈകീട്ട് മധ്യ, പശ്ചിമ ഏഷ്യയിലും ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും ടെലിസ്‌കോപ്പ് ഉപയോഗിച്ച് മാസപ്പിറവി കാണാന്‍ കഴിയും. രണ്ടു അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടും മാസപ്പിറവി ദര്‍ശിക്കാന്‍ സാധിക്കും. മുസ്‌ലിം ലോകത്ത് ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. ഇതനുസരിച്ച് മെയ് 28 ന് ബുധനാഴ്ച ദുല്‍ഹജ് ഒന്നും ജൂണ്‍ ആറ് വെള്ളിയാഴ്ച ഭൂരിഭാഗം മുസ്‌ലിം രാജ്യങ്ങളിലും ബലിപെരുന്നാളുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്റര്‍ പറഞ്ഞു. സൗദിയില്‍ ദുല്‍ഖഅ്ദ 29 ന് ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കണമെന്നും നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയെ വിവരമറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്.