റിയാദ്: നിയമം ലംഘിച്ച് മരുന്ന് ഉൽപ്പാദിപ്പിച്ചതിന് റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഫാക്ടറിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി 14.5 ലക്ഷം റിയാല്‍ പിഴ ചുമത്തി. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി മരുന്നുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തതിനാണ് പിഴ. തുടർ നിയമ നടപടികള്‍ക്കായി ഫാക്ടറിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഫാക്ടറിയും മരുന്നുകളും രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി വാണിജ്യാടിസ്ഥാനത്തില്‍ മരുന്നുകൾ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ ഇനത്തിലുള്ള 29 മരുന്നുകളുടെ ഒരു ലക്ഷത്തിലേറെ പാക്കുകൾ പരിശോധനക്കിടെ പിടിച്ചെടുത്തു.
ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് ഹെര്‍ബല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് നിയമത്തിലെ ഇരുപത്തിയെട്ടാം വകുപ്പ് ഫാക്ടറി ലംഘിച്ചെന്നാണ് കണ്ടെത്തിയത്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ചുമത്താന്‍ നിയമത്തിലെ 35ാം വകുപ്പ് അനുശാസിക്കുന്നു. മരുന്ന് സുരക്ഷ ഉറപ്പാക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേല്‍നോട്ട പരിധിയിലുള്ള സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങളെ കുറിച്ച് ആർക്കും 19999 എന്ന നമ്പറിൽ വിവരം അറിയിക്കാം.