റിയാദ്: രണ്ടര പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക പദവി അവസാനിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് റഹീം സഹായ സമിതി യാത്രയയപ്പ് നൽകി.മുതിർന്ന മാധ്യമപ്രവർത്തകനും സൗദി ഗൾഫ് മാധ്യമം ചീഫുമായ നജിം കൊച്ചു കലുങ്ക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിയാദ് പൊതുസമൂഹത്തിലെ വിവിധ സംഘടനകന നേതാക്കളും പ്രതിനിധികളും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ, മാധ്യമ പ്രവർത്തകരും യൂസഫ് കാക്കഞ്ചേരിയിൽ നിന്നുണ്ടായ നല്ല അനുവഭങ്ങളും പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങളും അനുസ്മരിച്ചു. അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയെയും റിയാദ് പൊതുസമൂഹത്തെയും പ്രതിനിധീകരിച്ച് ചെയ്ത് പ്രവർത്തനങ്ങൾ അവിസ്മരണീയവും മാതൃകാപരവുമാണെന്ന് സമിതി ചെയർമാൻ സി.പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ പറഞ്ഞു.
റഹീമിന്റെ കേസിൽ വാർത്താ പ്രാധാന്യം വന്നത് കൊണ്ടാണ് യൂസഫ് കാക്കഞ്ചേരി ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പുറത്തറിയാത്ത എണ്ണമറ്റ പ്രവാസികൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങാകാൻ രണ്ടര പതിറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതം വഴി അദ്ദേഹത്തിന് കഴിഞ്ഞിട്ടുന്ന് റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ പറഞ്ഞു.
“എന്തെല്ലാം വർണങ്ങൾ, എന്തെല്ലാം ഗന്ധങ്ങൾ, ഏതെല്ലാം പൂക്കൾ ഈ ഉദ്യാനത്തിൽ” എന്ന എരഞ്ഞോളി മൂസയുടെ വരികൾ പാടിയാണ് യൂസഫ് റിയാദ് പൊതുസമൂഹത്തിന്റെ ചേർത്തുവെപ്പിനും പ്രവാസത്തിന്റെ ഐക്യത്തിനും മറുപടി പറഞ്ഞത്.
ജാതിയിലും മതത്തിലും വർണ്ണത്തിലും വർഗ്ഗത്തിലും വ്യത്യസ്തരായ നാം ഇന്ത്യക്കാരെന്ന ഒറ്റ ഹൃദയത്തിലുള്ള പല ഉടലുകളായി ഇവിടെ ജീവിക്കുന്നത്. അത് കൊണ്ടാണ് റഹീമിന്റെ കേസിൽ ഐക്യപ്പെടാനും സാധ്യമാകുന്നതെല്ലാം ചെയ്യാനും കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അവധിയിലാണെങ്കിലും തുടക്കം മുതൽ റഹീമിന്റെ ജീവന് വേണ്ടി അവിശ്രമം പ്രവർത്തിച്ച അഷ്‌റഫ് വേങ്ങാട്ടിനെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. റിയാദ് സഹായ സമിതിയുടെ ഓർമ്മ ഫലകം സഹായ സമിതി പ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെയർമാനും കൺവീനറും യൂസഫ് കാക്കഞ്ചേരിക്ക് കൈമാറി. ചീഫ് കോഡിനേറ്റർ ഹർഷദ് ഫറോക് , വൈസ് ചെയർമാൻ മുനീബ് പാഴൂർ, സുരേന്ദ്രൻ കൂട്ടായി,നവാസ് വെള്ളിമാട് കുന്ന് , കുഞ്ഞോയി കൊടോമ്പുഴ, മൊഹിയുദ്ധീൻ ചേവായൂർ, ഷമീം മുക്കം, എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് സഹായ സമിതി ട്രഷറർ സെബിൻ ഇഖ്ബാൽ നന്ദി പറഞ്ഞു.