ജിദ്ദ – സൗദി പൗരന്മാർക്കും ഇന്ത്യൻ പ്രവാസികൾക്കും നേട്ടമുണ്ടാകുന്ന കോഡ്‌ഷെയർ കരാറിന് സൗദി എയർലൈൻസും എയർ ഇന്ത്യയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള എയർ കണക്ടിവിറ്റി വർധിപ്പിക്കുക, ടൂറിസം, ബിസിനസ്സ്, ഇരു വിമാന കമ്പനികളുടെ സർവീസ് ശ്യംഖല വികസിപ്പിക്കുന്ന എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. 2026 ഫെബ്രുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും. ബുക്കിംഗ്, ടിക്കറ്റിംഗ്, ഒറ്റ ടിക്കറ്റിൽ വിമാന സർവീസുകൾക്കിടയിൽ സുഗമവും വേഗത്തിലുള്ളതുമായ മാറ്റം, അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ബാഗേജ് അയക്കൽ എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്കും എയർ ഇന്ത്യ ഉപഭോക്താക്കൾക്കും ഈ കരാർ വഴി ലഭിക്കും.
സൗദിയ യാത്രക്കാർക്ക് മുംബൈ, ഡൽഹി വഴി ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ, മറ്റ് 15 ലധികം സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദമ്മാം, അബഹ, അൽഖസീം, ജിസാൻ, മദീന, തായിഫ് എന്നിവയുൾപ്പെടെയുള്ള സൗദിയിലെ ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്ക് ജിദ്ദ, റിയാദ് വഴി എയർ ഇന്ത്യ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ എത്താൻ കഴിയും.
ഈ വർഷാവസാനത്തോടെ തെരഞ്ഞെടുത്ത അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിംഗ് ഫ്ളൈറ്റുകളും, യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് എളുപ്പമാർന്ന ഇ-വിസകൾ, ട്രാൻസിറ്റ് വിസകൾ, ഓൺ അറൈവൽ വിസ എന്നിവയും കരാർ വ്യവസ്ഥ ചെയ്യുന്നു. ഇത് സൗദിയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര മുമ്പത്തെക്കാളും കൂടുതൽ എളുപ്പമാക്കുന്നു.
എയർ ഇന്ത്യയുമായുള്ള കോഡ്‌ഷെയർ കരാർ എളുപ്പമാർന്ന നടപടിക്രമങ്ങളിലൂടെ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്നും യാത്രാനുഭവത്തെ സമ്പന്നമാക്കുന്ന മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സൗദിയ ഗ്രൂപ്പ് സി.ഇ.ഒ ഇബ്രാഹിം അൽഉമർ പറഞ്ഞു. സൗദിയക്ക് ദീർഘകാലത്തെ അനുഭവ സമ്പത്തുണ്ട്. ഇന്ത്യയിലെ നിരവധി ഡെസ്റ്റിനേഷനുൾക്കും സൗദിക്കും ഇടയിൽ വിമാന സർവീസുകൾ നടത്തിയതിന്റെ 60 വർഷത്തെ ചരിത്രവും സൗദിയക്കുണ്ട്. ഈ കാലയളവിൽ വ്യത്യസ്ത യാത്രാ വിഭാഗങ്ങൾക്ക് സൗദിയ സേവനം നൽകുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തതായി ഇബ്രാഹിം അൽഉമർ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് സൗദി അറേബ്യ എന്നും, മേഖലയിലേക്കുള്ള പ്രധാന അന്താരാഷ്ട്ര കവാടമായി മാറാനുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് രാജ്യം വിധേയമാകുകയാണെന്നും എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു. സൗദിയയുമായുള്ള സഹകരണത്തിലൂടെ സൗദിയിലുടനീളം വ്യാപിച്ചുകിടക്കുന്ന വലിയ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ യാത്രാ സൗകര്യം നൽകാനും, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലെ വൈവിധ്യമാർന്നതും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ടൂറിസം ഓഫറുകളും രാജ്യത്തിന്റെ സവിശേഷമായ വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ടെത്താനും കഴിയുന്നു എന്നതിൽ കാംബെൽ വിൽസൺ സന്തോഷം പ്രകടിപ്പിച്ചു.
നിലവിൽ സൗദിയ 25 വിദേശ വിമാന കമ്പനികളുമായി കോഡ്‌ഷെയർ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സൗദിയ അതിഥികൾക്ക് 100 ലേറെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നൽകുന്നു. വ്യോമയാന പ്രോഗ്രാമിന്റെയും വിഷൻ 2030 ന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യയുമായി ലോകത്തെ കൂടുതൽ അടുപ്പിക്കുവാനും അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ യാത്രക്കാർക്ക് നിരവധി ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനും ഇത് അവസരമൊരുക്കുന്നു.



