റിയാദ്- ഈ വര്‍ഷത്തെ വിശ്വസുന്ദരി പട്ടത്തിനുള്ള മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുമെന്ന പ്രചാരണം സംഘാടകരായ മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് നിഷേധിച്ചു. സൗദിയില്‍ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും കര്‍ക്കശമായ പരിശോധന പ്രക്രിയക്ക് ശേഷമാണ് മത്സരാര്‍ഥികളെ നിശ്ചയിക്കുന്നതെന്നും സൗദി അറേബ്യ ആദ്യമായി ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. ഞങ്ങളുടെ അംഗീകാര സമിതി അന്തിമമായി സ്ഥിരീകരിക്കുന്നത് വരെ മത്സരത്തില്‍ ചേരാന്‍ സൗദി അറേബ്യക്ക് അവസരം ഉണ്ടാകില്ല. വാര്‍ത്താകുറിപ്പില്‍ തുടരുന്നു.
2024 സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതായി സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നായിരുന്നു സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.