റിയാദ് – സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്.ഡി.എഫ്) തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു. സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലക്ക്, സിറിയയുടെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലേക്കുള്ള പാതയെ സമഗ്രമായ കരാർ പിന്തുണക്കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കാൻ സിറിയൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കുമുള്ള പൂർണ്ണ പിന്തുണ സൗദി അറേബ്യ ആവർത്തിച്ചു. സംഘർഷം ലഘൂകരിക്കാനും ഈ കരാറിലെത്താനും സൗദി അറേബ്യ നടത്തിയ കഠിനാധ്വാനത്തോടും അമേരിക്ക നടത്തിയ ശ്രമങ്ങളോടുമുള്ള സിറിയൻ സർക്കാരിന്റെയും സിറിയൻ ജനാധിപത്യ സേനയുടെയും പ്രതികരണത്തെ അഭിനന്ദിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
സമഗ്രമായ വെടിനിർത്തലിനും സിറിയൻ രാഷ്ട്രത്തിൽ എസ്.ഡി.എഫ് സൈനിക, ഭരണ സ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ലയിപ്പിക്കാനും ധാരണയിലെത്തിയതായി സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ജനാധിപത്യ സേനയും ഇന്ന് പറഞ്ഞു. കരാർ പ്രകാരം, രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് മുൻനിരയിൽ തമ്പടിച്ചിരുന്ന എസ്.ഡി.എഫ് സൈന്യങ്ങൾ പിൻവാങ്ങുകയും ആഭ്യന്തര മന്ത്രാലയ സുരക്ഷാ സേനയെ വടക്കുകിഴക്കൻ ഭാഗത്തുള്ള, എസ്.ഡി.എഫ് നിയന്ത്രണത്തിലുള്ള ഹസാക്ക, ഖമിശ്ലി നഗരങ്ങളുടെ കേന്ദ്രങ്ങളിൽ വിന്യസിക്കുകയും ചെയ്യും. പ്രാദേശിക സുരക്ഷാ സേനകൾ ലയിക്കും.
പ്രസിഡന്റ് അഹ്‌മദ് അൽശറഇന് കീഴിലുള്ള സിറിയൻ സർക്കാർ സൈന്യം ഈ മാസം സിറിയയുടെ വടക്കു, കിഴക്ക് ഭാഗങ്ങൾ എസ്.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത് കുർദിഷ് സേനയെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തേക്ക് പിൻവാങ്ങാൻ നിർബന്ധിതരാക്കി. ഇതേ തുടർന്നാണ് ഇരുപക്ഷവും സമഗ്ര വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്.
മൂന്ന് എസ്.ഡി.എഫ് ബ്രിഗേഡുകൾ ഉൾപ്പെടുന്ന ഒരു സൈനിക ഡിവിഷൻ സിറിയൻ സൈന്യത്തിൽ രൂപീകരിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു. എസ്.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള ഐൻ അൽഅറബ് എന്നറിയപ്പെടുന്ന കൊബാനി നഗരത്തിൽ എസ്.ഡി.എഫ് സേനക്കായി മറ്റൊരു ബ്രിഗേഡും സ്ഥാപിക്കും. കൊബാനി നഗരത്തെ അലപ്പോ ഗവർണറേറ്റിനു കീഴിലാക്കും.



