ജിദ്ദ – റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ അഞ്ചു വ്യവസ്ഥകള്‍ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ട്രക്കുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നത് ഒഴിവാക്കണം, നഗരങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിനീയമായ സമയങ്ങള്‍ പാലിക്കണം, ചരക്ക് ലോഡ് നന്നായി മൂടണം, മള്‍ട്ടി-ട്രാക്ക് റോഡുകളില്‍ വലത് ട്രാക്കില്‍ മാത്രമേ ഓടിക്കാവൂ, രാത്രിയില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ട്രക്കിന് പിന്നില്‍ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം സ്ഥാപിക്കുക എന്നിവയാണ് വ്യവസ്ഥകൾ.
സുരക്ഷിതമായി മൂടുകയോ ഉറപ്പിക്കുകയോ ചെയ്യാതെ ചരക്ക് ലോഡ് കൊണ്ടുപോകുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇങ്ങിനെ ചരക്കുകള്‍ നീക്കം ചെയ്യുന്നത് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാനും, വാഹനമോടിക്കുമ്പോള്‍ ചരക്ക് ലോഡിന്റെ ഏതെങ്കിലും ഭാഗം പറക്കുകയോ റോഡില്‍ വീഴുകയോ ചെയ്യുന്നത് തടയാനുമാണ് ഈ നടപടി. ചരക്ക് ലോഡിന്റെ ഏതെങ്കിലും ഭാഗം പറക്കുന്നതും റോഡിലേക്ക് വീഴുന്നതും അപകടങ്ങള്‍ക്ക് കാരണമാകുകയോ വാഹന ഗതഗാതം തടസ്സപ്പെടുത്തുകയോ ചെയ്‌തേക്കും.
വാഹനങ്ങളില്‍ ചരക്കുകള്‍ കയറ്റുമ്പോള്‍ സുരക്ഷാ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും- ഫര്‍ണിച്ചറും വിവിധ വസ്തുക്കളും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രക്കുകളും വാഹനങ്ങളും ഓടിക്കുന്ന ഡ്രൈവര്‍മാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ചരക്ക് ലോഡ് സുരക്ഷിതമായി ഉറപ്പിക്കുകയും ഉചിതമായ മാര്‍ഗങ്ങളിലൂടെ പൂര്‍ണമായും മൂടുകയും വേണം. ഇത് ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്നും സുഗമമായ ഗതഗാതത്തിന് സഹായിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.