ജിദ്ദ – സൗദി അറേബ്യയുടെ ടൂറിസം മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് അറിയിച്ചു. കഴിഞ്ഞ വർഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 12.2 കോടിയായി ഉയർന്നു. ഇതിൽ മൂന്ന് കോടി പേർ വിദേശികളാണ്. ടൂറിസ്റ്റുകളുടെ ധനവിനിയോഗം 30,000 കോടി റിയാലിലെത്തിയതായും ഇത് എക്കാലത്തെയും വലിയ റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ ലോകത്തെ മികച്ച 10 ടൂറിസം രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഇടംപിടിച്ചു.
വിഷൻ 2030-ന്റെ ഭാഗമായുള്ള പരിവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിനിടെ അദ്ദേഹം വ്യക്തമാക്കി. റെഡ് സീ പ്രോജക്ട്, ഖിദ്ദിയ, ദിരിയ തുടങ്ങിയ വൻകിട പദ്ധതികളും റിയാദ് എയർ ഉൾപ്പെടെയുള്ള വ്യോമയാന വികസനവും ടൂറിസം മേഖലയ്ക്ക് കരുത്തേകുന്നു. ജി-20 രാജ്യങ്ങളിൽ ടൂറിസം മേഖലയിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതും സൗദിയാണ്. എക്സ്പോ 2030, 2034 ഫിഫ വേൾഡ് കപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. നഗരങ്ങളിലെ ജീവിത നിലവാരം അളക്കാനുള്ള ആഗോള സൂചിക ദാവോസിൽ ഉടൻ സമാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



