റിയാദ്- ഈ വര്‍ഷത്തെ ഈദുല്‍ഫിത്വര്‍ സൗദി അറേബ്യയില്‍ ആഘോഷിക്കൂവെന്ന കാമ്പയിനുമായി സൗദി ടൂറിസം അതോറിറ്റി രംഗത്ത്. സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദിയിലെ പ്രവാസികള്‍ക്കും സൗദി പൗരന്മാര്‍ക്കും ഈദ് ആഘോഷിക്കാന്‍ പറ്റിയ ഇടം സൗദി അറേബ്യയാണെന്നും രാജ്യത്തെ 13 പ്രവിശ്യകളിലും നടക്കുന്ന വൈവിധ്യമാര്‍ന്ന കരിമരുന്ന് പ്രയോഗങ്ങളും കലാപരിപാടികളും ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ആസ്വദിക്കാമെന്നും കാമ്പയിന്‍ വ്യക്തമാക്കുന്നു.
സൗദിയുടെ ആഘോഷ തനിമ ഉയര്‍ത്തിക്കാട്ടുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, അസീര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ 120 പ്രോഗ്രാമുകളാണ് ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്.
സൗദി സന്ദര്‍ശിക്കാന്‍ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും അതോറിറ്റി ഓര്‍മപ്പെടുത്തുന്നു. പ്രോഗ്രാം, ഉംറ, വിസിറ്റ്, ട്രാന്‍സിറ്റ്, ടൂറിസം വിസകള്‍ വളരെ പെട്ടെന്ന് ലഭിക്കും. ഇതുപയോഗിച്ച് നിശ്ചിത കാലപരിധിയില്‍ സൗദിയില്‍ എവിടെയും സന്ദര്‍ശനം നടത്താം. 63 രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. യുഎസ്എ, യു.കെ, ഷെന്‍ജന്‍ വിസയുള്ളവര്‍ക്കും ജിസിസിയിലെ പ്രവാസികള്‍ക്കും സൗദിയിലേക്ക് വരാന്‍ നടപടികള്‍ സുതാര്യമാണ്. അതോറിറ്റി പറഞ്ഞു.