ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ടെലികോം കമ്പനിക്ക് 330 കോടി റിയാല്‍ ലാഭം. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ കമ്പനി ലാഭം 300 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനി ലാഭം 9.8 ശതമാനം തോതില്‍ വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ എസ്.ടി.സി ലാഭം 0.55 ശതമാനം തോതില്‍ വര്‍ധിച്ചു. ആദ്യ പാദത്തില്‍ 328 കോടി റിയാലായിരുന്നു കമ്പനി ലാഭം.
കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനി വരുമാനം നാലര ശതമാനം തോതില്‍ വര്‍ധിച്ച് 1,915.5 കോടി റിയാലായി. 2023 രണ്ടാം പാദത്തില്‍ ഇത് 1,832 കോടി റിയാലായിരുന്നു. കസ്റ്റമര്‍ വിഭാഗം വരുമാനം 5.3 ശതമാനം തോതില്‍ വര്‍ധിക്കുകയും ബിസിനസ് മേഖലാ വിഭാഗം വരുമാനം കുറയുകയും ചെയ്തു. എസ്.ടി.സി ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെ വരുമാനം 13.9 ശതമാനം തോതിലും രണ്ടാം പാദത്തില്‍ വര്‍ധിച്ചു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ എസ്.ടി.സി ലാഭത്തില്‍ 7.73 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആറു മാസത്തിനിടെ കമ്പനി 660 കോടി റിയാല്‍ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ അറ്റാദായം 612 കോടി റിയാലായിരുന്നു. ഇക്കാലയളവില്‍ ആകെ വരുമാനം 4.8 ശതമാനം തോതില്‍ വര്‍ധിച്ച് 3,825 കോടി റിയാലായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ആകെ വരുമാനം 3,651 കോടി റിയാലായിരുന്നു.