റിയാദ് – സാമൂഹികമാധ്യമത്തിലൂടെ സൗദി വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തിയ റിയാദിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂളിലെ ഈജിപ്തുകാരനായ അധ്യാപകന്റെ ജോലി നഷ്ട്ടപ്പെട്ടു. കിഴക്കന്‍ റിയാദിലെ ആഫാഖുത്തര്‍ബിയ സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഹസന്‍ അല്‍ഹൂരിനിയെ സസ്പെന്‍ഡ് ചെയ്തതായും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി അന്വേഷണത്തിനായി അധ്യാപകനെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്തതായും എക്‌സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടിലൂടെ സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. അധ്യാപകന്റെ വ്യക്തിപരമായ പ്രസ്താവനകള്‍ക്ക് സ്‌കൂള്‍ ഉത്തരവാദിയല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.
കിഴക്കന്‍ റിയാദിലെ ഡിസ്ട്രിക്ടില്‍ ഏകദേശം ആയിരം വിദ്യാര്‍ഥികളുള്ള സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പലാണെന്ന് അവകാശപ്പെട്ടുകൊണ്ട് സോഷ്യല്‍മീഡിയയിലെ ലൈവ് മീറ്റിംഗില്‍ പ്രത്യക്ഷപ്പെട്ട ഈജിപ്തുകാരന്‍ തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതായും അവര്‍ ആക്രമണകാരികളാണെന്നും ആരോപിക്കുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാകനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് റഫര്‍ ചെയ്തത്.



