റിയാദ് – എട്ടു മാസം പ്രായമുള്ള സൗദി സയാമിസ് ഇരട്ടകളായ യാരയെയും ലാറയെയും അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു. റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് കുട്ടികള്‍ക്ക് ഒമ്പതു ഘട്ടങ്ങളായി 15 മണിക്കൂര്‍ നീണ്ടു നിന്ന വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്.
ഉടല്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള യാരയും ലാറയും 2024 നവംബര്‍ അഞ്ചിനാണ് പിറന്നത്. ഇരുവരുടെയും ആകെ ഭാരം പത്തു കിലോഗ്രാമില്‍ എത്തിയ ശേഷമാണ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. മെഡിക്കല്‍ സംഘം സമഗ്രമായ പരിശോധനകള്‍ നടത്തിയും നിരവധി മീറ്റിംഗുകള്‍ നടത്തിയുമാണ് ഓപ്പറേഷനിലൂടെ കുട്ടികളെ വേര്‍പെടുത്താന്‍ അവസാന തീരുമാനമെടുത്തത്.
ഇരട്ടകളുടെ അടിവയറും ഇടുപ്പും താഴത്തെ വന്‍കുടലും മലാശയവും മൂത്രാശയ, പ്രത്യുല്‍പാദന സംവിധാനങ്ങളും പെല്‍വിക് അസ്ഥിയും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, നഴ്‌സിംഗ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നീ വിഭാഗങ്ങളിലെ 38 കണ്‍സള്‍ട്ടന്റുമാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെ ഒമ്പതു ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സെന്‍സിറ്റീവ് ഘട്ടങ്ങളിലൂടെ കടന്നുപോയി. പ്രത്യേകിച്ച് അഞ്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയും ഘട്ടങ്ങള്‍ അതിസങ്കീര്‍ണമായിരുന്നു. ഈ ഘട്ടങ്ങളിലാണ് മൂത്രാശയ, പ്രത്യുല്‍പാദന സംവിധാനങ്ങളെ വേര്‍തിരിക്കുകയും പെല്‍വിക് അസ്ഥിയുടെ ഒരു ഭാഗം വേര്‍തിരിക്കുകയും ചെയ്തത്.
സൗദി സയാമിസ് പ്രോഗ്രാം 35 വര്‍ഷത്തിനിടെ 27 രാജ്യങ്ങളില്‍ നിന്നുള്ള 150 കേസുകള്‍ വിലയിരുത്തുകയും 64 സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തുകയും ചെയ്തു. ഓപ്പറേഷനിലൂടെ വേര്‍പ്പെടുത്തുന്ന 65-ാമത്തെ സയാമിസ് ഇരട്ടകളാണ് യാരയും ലാറയും. ഇക്കാലയളവില്‍ 45 സൗദി സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി സയാമിസ് പ്രോഗ്രാം പഠിച്ചു. ഇക്കൂട്ടത്തില്‍ 16 സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി.
ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കനുസൃതമായി സൗദി സയാമിസ് പ്രോഗ്രാം അതിന്റെ ചികിത്സാ, ഗവേഷണ പരിപാടികള്‍ അപ്‌ഡേറ്റ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ സുസ്ഥിരത ഉറപ്പാക്കാനും ഗുണഭോക്താക്കളുടെ വൃത്തം വികസിപ്പിക്കാനും സഹായിക്കുന്ന നിലക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ഡോക്ര്‍മാര്‍ക്ക് പരിചയസമ്പത്തും അറിവും കൈമാറാനും പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു.
ഈ മേഖലയിലെ സൗദി അറേബ്യയുടെ മികവിനെയാണ് സയാമിസ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഇത് സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ മേഖലയിലും മറ്റ് സുപ്രധാന സ്‌പെഷ്യാലിറ്റികളിലും ആഗോള തലത്തില്‍ മുന്‍നിര മെഡിക്കല്‍ കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാക്കുന്നതായും പറഞ്ഞു.