റിയാദ് – രണ്ടു മാസത്തിലേറെ നീണ്ട വേനലവധിക്കു ശേഷം രാജ്യത്തെ വിദ്യാലയങ്ങളില്‍ നാളെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും അടക്കം അറുപതു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ നാളെ വിദ്യാലയങ്ങളില്‍ തിരികെ എത്തും. കഴിഞ്ഞ ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അതിനും ഒരാഴ്ച മുമ്പ് അനധ്യാപക ജീവനക്കാര്‍ക്കും ഡ്യൂട്ടി പുനരാരംഭിച്ചിരുന്നു. 30,000 ലേറെ വരുന്ന സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ അഞ്ചു ലക്ഷത്തോളം അധ്യാപകരാണ് കഴിഞ്ഞയാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷം പ്രത്യേകം നിര്‍ണയിച്ച എലിമെന്ററി സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിച്ചു തുടങ്ങും.
പുതിയ അധ്യയന വര്‍ഷത്തിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌കൂളുകളിലെ എയര്‍ കണ്ടീഷനറുകളിലും ടോയ്‌ലെറ്റുകളിലും ക്ലാസ് മുറികളിലും അടക്കം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാഠപുസ്തക വിതരണവും ആരംഭിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സ് ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. അഗ്നിശമന സംവിധാനങ്ങളും അഗ്നിശമന സിലിണ്ടറുകളും ഉപയോഗിക്കുന്നതിനെ കുറിച്ച് അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും സന്ദര്‍ശനങ്ങള്‍ക്കിടെ സിവില്‍ ഡിഫന്‍സ് ബോധവല്‍ക്കരിക്കുന്നു.
സൗദിയിലെ വിവിധ പ്രവിശ്യകളിലും വിദേശങ്ങളിലും അവധിക്കാലം ചെലവഴിച്ചിരുന്ന കുടുംബങ്ങളെല്ലാം സ്വദേശങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും യൂനിഫോമുകളും വില്‍ക്കുന്ന കടകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വ്യാപാര സ്ഥാപനങ്ങളില്‍ ഒഴുകിയെത്തി.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ജുമാദാ അല്‍ഊല അഞ്ചിന് (നവംബര്‍ 7) ഫസ്റ്റ് ടേം അവസാനിക്കും. ജുമാദാ അല്‍ഊല 15 ന് (നവംബര്‍ 17) സെക്കന്റ് ടേം ആരംഭിക്കുകയും ശഅ്ബാന്‍ 21 ന് (2025 ഫെബ്രുവരി 20) സെക്കന്റ് ടേം അവസാനിക്കുകയും ചെയ്യും. റമാന്‍ രണ്ടിന് (2025 മാര്‍ച്ച് 2) തേഡ് ടേം ആരംഭിക്കും. മുഹറം ഒന്നിന് (2025 ജൂണ്‍ 26) തേഡ് ടേം അവസാനിക്കും. ബലിപെരുന്നാള്‍ അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്ന ശേഷമാണ് വര്‍ഷാന്ത പരീക്ഷ നടത്തുക.