ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യത. ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും താഴ്വരകളില്‍ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
മക്ക പ്രവിശ്യയില്‍ പെട്ട ലൈത്ത്, ഖുന്‍ഫുദ, തായിഫ്, മെയ്സാന്‍, അദും, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും. ജിദ്ദ, ബഹ്റ, ഖുലൈസ്, റാബിഗ്, മക്ക, അല്‍കാമില്‍, ജുമൂം, തുറബ, മോയ, ഖുര്‍മ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. റിയാദ്, റുമാഹ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്റാ, താദിഖ്, ഹുറൈമില, മറാത്ത്, ദുര്‍മാ, അഫീഫ്, ദവാദ്മി, ഖുവൈഇയ, അല്‍റെയ്ന്‍, അല്‍ഹരീഖ്, മുസാഹ്‌മിയ, ദലം, ഹോത്ത ബനീതമീം, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴക്കും മലവെള്ളപ്പാച്ചില്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയില്‍ പെട്ട അഫ്ലാജ്, വാദി ദവാസിര്‍, സുലൈല്‍ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും. നജ്റാന്‍ പ്രവിശ്യയില്‍ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.



