റിയാദ് – സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് റിയാദില്‍ സൗദി, ഖത്തര്‍ ചര്‍ച്ച. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന, സൗദി, ഖത്തര്‍ ഏകോപന സമിതിയുടെ ഭാഗമായ സുരക്ഷാ, സൈനിക സമിതിയുടെ രണ്ടാമത് യോഗമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും സുരക്ഷാ മേഖലകളില്‍ നിലപാടുകള്‍ ഏകോപിപ്പിക്കാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുമുള്ള ആനുകാലിക മീറ്റിംഗുകളുടെ ഭാഗമായാണ് സൗദി, ഖത്തര്‍ ഏകോപന സമിതിയുടെ ഭാഗമായ സുരക്ഷാ, സൈനിക സമിതിയുടെ രണ്ടാമത് യോഗമെന്ന് സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു. കൂടുതല്‍ സ്ഥിരതയും സുരക്ഷയും സമൃദ്ധിയും കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും ജനങ്ങളുടെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചാണിതെന്നും സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു. യോഗാവസാനത്തില്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയും മിനുട്‌സില്‍ ഒപ്പുവെച്ചു.
സൗദി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി നാസിര്‍ അല്‍ദാവൂദ്, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന, ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍അര്‍വാന്‍, രഹസ്യാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍നുവൈമി തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group