ജിദ്ദ – ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 16,550 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ചരിത്രത്തില്‍ ആദ്യമായാണ് സൗദിയിലെ പ്രവാസികള്‍ ഒരു കൊല്ലത്തിനിടെ ഇത്രയും പണം സ്വദേശങ്ങളിലേക്ക് അയക്കുന്നത്. 2024 ല്‍ 14,420 കോടി റിയാലാണ് സൗദിയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദി പ്രവാസികളുടെ റെമിറ്റന്‍സ് 15 ശതമാനം തോതില്‍ വര്‍ധിച്ചു.
സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ഡാറ്റ പ്രകാരം, 2025 ഡിസംബറില്‍ പ്രവാസികളുടെ പണമയക്കല്‍ 1,400 കോടി റിയാലിലെത്തി. 2024 ഡിസംബിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രവാസികള്‍ അയച്ച പണത്തില്‍ 70 ലക്ഷം റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രവാസികളുടെ പണമയക്കലില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ പ്രവാസികളുടെ റെമിറ്റന്‍സ് 37 ശതമാനം തോതില്‍ വര്‍ധിച്ചു. എന്നാല്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് മാര്‍ച്ചിലാണ്. മാര്‍ച്ചില്‍ 1,550 കോടി റിയാല്‍ പ്രവാസികള്‍ അയച്ചു. ഇത് 2016 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ്.
കഴിഞ്ഞ കൊല്ലം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ 7,040 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിദേശത്തേക്കുള്ള സ്വദേശികളുടെ പണമയക്കല്‍ മൂന്നു ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണമയക്കല്‍ നിലയായിരുന്നു ഇത്. ഫെബ്രുവരിയില്‍ സ്വദേശികള്‍ അയച്ച പണത്തില്‍ 34 ശതമാനം വര്‍ധനനവ് രേഖപ്പെടുത്തി.
2025 ഡിസംബറില്‍ സൗദികളുടെ പണമയക്കല്‍ 612.6 കോടി റിയാലായി കുറഞ്ഞു. 2024 ഡിസംബറിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണിത്. എന്നാല്‍ 2025 നവംബര്‍ മാസത്തെ അപേക്ഷിച്ച് ഡിസംബറില്‍ സ്വദേശികള്‍ അയച്ച പണത്തില്‍ 27.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.



