- റിയാദ് സീസണില്‍ പൊതുജനങ്ങള്‍ക്ക് 20 ലക്ഷ്വറി കാറുകള്‍ സമ്മാനം
ജിദ്ദ – റിയാദ് സീസണിന്റെ ഭാഗമായ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ റെസ്റ്റോറന്റുകളും വ്യാപാര കേന്ദ്രങ്ങളുമാക്കി പ്രവര്‍ത്തിപ്പിക്കാനും ഇന്ററാക്ടീവ് ആക്ടിവിറ്റികള്‍ക്ക് ഉപയോഗിക്കാനും പഴയ സൗദിയ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് ജനകീയ ആഘോഷമാക്കി മാറ്റി സൗദി ജനത. വിമാനങ്ങള്‍ കടന്നുപോകുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വന്‍ ജനക്കൂട്ടം ഇതുമായി പ്രതികരിക്കുകയും ആഹ്ലാദം പ്രകടിപ്പിച്ച് റോഡുകളില്‍ ഒത്തുചേരുകയും സ്വന്തം കാറുകളില്‍ വിമാനങ്ങള്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്യുന്നു. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഇതിന്റെ ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും ചെയ്യുന്നു.
ഇരുമ്പ് കഷ്ണമായ പഴയ വിമാനങ്ങളോടല്ല സൗദികള്‍ പ്രതികരിക്കുന്നതെന്നും മറിച്ച് വിമാനങ്ങളില്‍ മുദ്രണം ചെയ്ത സൗദി ചിഹ്നവുമായാണ് അവര്‍ പ്രതികരിക്കുന്നതെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. ദേശീയദിനാഘോഷത്തിന്റെ റിഹേഴ്സല്‍ ആയി സൗദികളുടെ അതിശയകരമായ പ്രതികരണങ്ങള്‍ കണക്കാക്കുന്നു. വിമാനങ്ങള്‍ റോഡ് മാര്‍ഗം നീക്കം ചെയ്യുന്നതിന്റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇരുട്ടിലെ പക്ഷികളും എലികളുമാണവര്, കുഴികളില്‍ കഴിയുന്ന അവ ഇത്തരം സമയങ്ങളില്‍ പുറത്തുവരാന്‍ ശീലിച്ചിരിക്കുന്നു. റിയാദ് സീസണ് അവരെ വിളിക്കുന്നുവെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതുന്നില്ല – തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
വിമാനങ്ങള്‍ റിയാദിലെത്താന്‍ കുറച്ച് ദിവസങ്ങള്‍ വൈകും. കടന്നുപോന്ന ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ വിമാനങ്ങളെ ഔദാര്യത്തോടെ സ്വീകരിക്കാനും സ്വാഗതം ചെയ്യാനും ആഗ്രഹിച്ചു. വിമാനങ്ങള്‍ നീക്കം ചെയ്യുന്ന ട്രക്കുകളിലെ ജീവനക്കാരെയും അകമ്പടി സേവിക്കുന്ന വാഹനങ്ങളിലുള്ളവരെയും ഭക്ഷണങ്ങളും കാപ്പിയും വിതരണം ചെയ്ത് അവര്‍ സല്ക്കരിച്ചു.
ഇത്തവണത്തെ റിയാദ് സീസണില്‍ പൊതുജനങ്ങള്‍ക്ക് 20 ലക്ഷ്വറി കാറുകള്‍ സമ്മാനിക്കും. എല്ലാ ആഴ്ചയിലും ഒരു കാര്‍ വീതമാണ് സമ്മാനിക്കുകയെന്നും സൗദികള്‍ക്കു മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നവര്ക്കും പൊതുജനങ്ങള്‍ക്കും പ്രഖ്യാപിച്ച ലക്ഷ്വറി കാറുകളില്‍ ആറാമത്തെയും ഏഴാമത്തെയും കാറുകള്‍ക്ക് അര്‍ഹരായവരെ തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ശത്രുവിന്റെ ആക്രമണത്തില്‍ മുട്ടിനു താഴെ കാല് നഷ്ടപ്പെട്ട സൈനികനും വിമാനം കടന്നുപോകുന്നതിനു സമീപം ഒട്ടകത്തോടൊപ്പം സാഷ്ടാംഗ പ്രണാമം (സുജൂദ്) നിര്‍വഹിച്ച സൗദി പൗരനുമാണ് കാറുകള്‍ സമ്മാനിക്കുക. ഊന്നുവടിയുടെ സഹായത്തോടെ എത്തിയ സൈനികന് ദേശീയ പതാക വീശിയും സല്യൂട്ട് ചെയ്തും ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഇനി മൂന്നു കാറുകള്‍ കൂടിയാണ് വിജയികളെ കാത്തിരിക്കുന്നതെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. റിയാദിലേക്കുള്ള യാത്രയില്‍ വിമാനങ്ങളുടെ കൂടുതല്‍ ഫോട്ടോകള്‍ തുര്‍ക്കി ആലുശൈഖ് പുറത്തുവിടുകയും ചെയ്തു. വിമാനങ്ങള്‍ റിയാദില്‍ നിന്ന് 130 കിലോമീറ്റര്‍ ദൂരെ ശഖ്റായിലെത്തിയിട്ടുണ്ട്.
ലക്ഷ്വറി കാറുകള്‍ക്ക് അര്‍ഹരായ അഞ്ചു പേരെ തുര്‍ക്കി ആലുശൈഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച ഫോട്ടോയും വീഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ആറു ലക്ഷ്വറി കാറുകളായി പിന്നീട് ഉയര്‍ത്തിയിരുന്നു. ഇത് പിന്നീട് പത്തു കാറുകളായി ഉയര്‍ത്തി. വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധനായ സൗദി പൗരനും വിമാനങ്ങള്‍ക്കു സമീപം സൈനിക യൂനിഫോമിന് സമാനമായ വേഷവിധാനങ്ങളോടെ നിലയുറപ്പിച്ച് കൈവീശി അഭിവാദ്യം ചെയ്ത പിഞ്ചുബാലനും ഊന്നിവടി ഉയര്‍ത്തിപ്പിടിച്ച് വീശിക്കാണിച്ച് നടന്നുനീങ്ങി അഭിവാദ്യം പ്രകടിപ്പിക്കുകയും ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്ത സൗദി വൃദ്ധക്കും കാല് മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഊന്നുവടികളില്‍ വിമാനങ്ങള്‍ കടന്നുപോകുന്ന റോഡിനു സമീപം എത്തി സല്യൂട്ട് ചെയ്ത് അഭിവാദ്യമര്‍പ്പിച്ച സൗദി യുവാവിനും റിയാദിലേക്കുള്ള വിമാനങ്ങളുടെ സഞ്ചാരം സൗദി ദേശീയ പതാക വീശി ആഘോഷിച്ച സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരസവാരിക്കാരിയായ ബാലിക ജൂദിനും സഹോദരനും കാറുകള്‍ സമ്മാനിക്കുമെന്ന് തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു.