ജിദ്ദ – സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ചൈനയുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സൗദി അറേബ്യ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണയിടപാടുകള്‍ക്ക് ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിക്കല്‍ അടക്കമുള്ള ആശയങ്ങളില്‍ സൗദി അറേബ്യക്ക് തുറന്ന മനസ്സാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. സൗദി അറേബ്യ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും പുതിയ അവസരങ്ങള്‍ അന്വേഷിക്കുകയും രാഷ്ട്രീയത്തെ വ്യാപാരത്തില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യുന്നതായി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. എണ്ണയിടപാടുകള്‍ക്ക് കൂടുതല്‍ വ്യാപകമായി യുവാന്‍ ഉപയോഗിക്കുന്നത് ചൈനീസ് കറന്‍സിയെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിലും ആഗോള ചരക്ക് വിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം വെല്ലുവിളിക്കുന്നതിലും പ്രധാന ചുവടുവെപ്പായാണ് കാണുന്നത്.
അന്താരാഷ്ട്ര വ്യാപാരത്തില്‍ യുവാന്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ ചൈന പ്രവര്‍ത്തിക്കുന്നു. സൗദി അറേബ്യയുമായുള്ള കറന്‍സി സ്വാപ് കരാറും വ്യാപാര പങ്കാളികളുമായുള്ള പ്രാദേശിക കറന്‍സി സെറ്റില്‍മെന്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഇതിന്റെ ഭാഗമാണ്. എണ്ണയിടപാടുകള്‍ക്ക് അമേരിക്കന്‍ ഡോളറിന്റെ വ്യാപകമായ ഉപയോഗം പെട്രോഡോളര്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. ഇത് ആഗോള കരുതല്‍ കറന്‍സി എന്ന നിലയില്‍ ഡോളറിന്റെ പങ്ക് വര്‍ധിപ്പിക്കുന്നു. സൗദി വ്യവസായ, ധാതുവിഭവ മന്ത്രി പെട്രോയുവാനെ കുറിച്ച് പോസിറ്റീവ് വികാരങ്ങള്‍ പ്രകടിപ്പിച്ചുവെങ്കിലും അതിന്റെ വ്യാപകമായ ഉപയോഗം അംഗീകരിക്കാനുള്ള സമയക്രമം നിശ്ചയിച്ചില്ല.
സൗദി അറേബ്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ പ്രാദേശിക കറന്‍സിയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ 50 ബില്യണ്‍ യുവാന്‍ (7.1 ബില്യണ്‍ ഡോളര്‍) കൈമാറ്റ കരാര്‍ 2023 നവംബറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ സൗദി റിയാലിന്റെ സ്ഥിരത സൗദി അറേബ്യക്ക് പ്രയോജനപ്പെടുന്നു. ആസൂത്രണത്തിലും മത്സരത്തിലും ഇത് രാജ്യത്തിന് നേട്ടം നല്‍കുന്നു.
വര്‍ഷങ്ങളായി സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. സൗദി അറേബ്യ ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നത് ചൈനയിലേക്കാണ്. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ചൈനയില്‍ നിന്നാണ്. മരുന്ന്, സ്മാര്‍ട്ട് സിറ്റി, റോബോട്ടിക്‌സ് സാങ്കേതികവിദ്യ, ഇലക്ട്രിക് കാറുകള്‍ എന്നീ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ വൈകാതെ സൗദിയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്. വിമാന ഘടകങ്ങള്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനികളുമായി സൗദി അറേബ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ചൈന സന്ദര്‍ശിച്ച് വന്‍കിട ചൈനീസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.