റിയാദ്: സാംക്രമിക രോഗങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ചികിത്സിക്കാനും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഗവേഷണങ്ങൾക്കുമായി വിപുലമായ പദ്ധതികളുമായി സൗദി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിനു കീഴിലുള്ള പാൻഡമിക്സ് ആൻഡ് ബയോടെക്നോളജി റിസർച്ച് ഇനിഷ്യേറ്റിവ്. ചികിത്സകളും വാക്‌സിനുകളും വികസിപ്പിക്കുന്നതിലൂടെയും നൂതന ഗവേഷണ ശേഷി വർധിപ്പിക്കുന്നതിലൂടെയും പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഈ രംഗത്തെ ഗവേഷണങ്ങൾക്കും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്കുമായി ഇതിനകം 16.7 കോടി റിയാൽ ഇതിനകം ചിലവിട്ടതായി സൗദി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.
ദേശീയ ആരോഗ്യ സുരക്ഷയും, പകർച്ചവ്യാധികളെയും അടിയന്തര ആരോഗ്യ സാഹചര്യങ്ങളെയും നേരിടുന്നതിനുള്ള രാജ്യത്തിൻ്റെ ശേഷിയും വർധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ഗവേഷണങ്ങൾക്കും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ആവശ്യമായ ധനസഹായവും ഈ പദ്ധതിയുടെ ഭാഗമായി നൽകി വരുന്നുണ്ട്. ആരോഗ്യ രംഗത്ത് ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും അവയുടെ ആക്രമണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് പാൻഡമിക് ആൻഡ് ബയോടെക്നോളജി റിസർച്ച് ഇനിഷ്യേറ്റിവ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പകർച്ചവ്യാധികൾ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പുതിയ ഗവേഷണങ്ങളെ പിന്തുണയ്ക്കുകയാണ് ഇവയിലൊന്ന്. സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും അവയുടെ പ്രതികൂലഫലങ്ങൾ കുറയ്ക്കുന്നതിനുമുള്ള തന്ത്രങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി, പകർച്ചവ്യാധി നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും അതിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനുള്ള ശേഷി കൈവരിക്കുന്നതിലുമാണ് ഈ പദ്ധതി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
സുതാര്യമായ പ്രക്രിയയിലൂടെയാണ് ഗവേഷകർക്ക് ഗവേഷണ ഗ്രാൻഡ് അനുവദിക്കുന്നത്. ദേശീയ-അന്തർദേശീയ വിദഗ്ധരുടെ സമിതിയുടെ പരിശോധനകളും നിർദേശങ്ങളുമെല്ലാം പാലിച്ച് വിവിധ ഘട്ടങ്ങളായാണ് ഗവേഷണങ്ങൾക്ക് പിന്തുണ ലഭിക്കുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ വെബ്‌സൈറ്റിൽ ഇതു സംബന്ധിച്ച അറിയിപ്പുകൾ യഥാസമയം പ്രസിദ്ധീകരിച്ചു വരുന്നു. ഈ രംഗത്ത് ഗവേഷണ താല്പര്യമുള്ളവർക്ക് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.