റിയാദ് – സൗദി ടൂറിസം മേഖലയിൽ ശക്തമായ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള പുതിയ നിമയങ്ങൾ പ്രഖ്യാപിച്ച് സൗദി ടൂറിസം മന്ത്രാലയം. സൗദി പൗരന്മാർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, ടൂറിസം വ്യവസായത്തിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങൾ. ഒക്ടോബർ ഒന്ന് മുതൽ ഇവ നിലവിൽ വന്നു. രാജ്യത്തെ ലൈസൻസുള്ള ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, മറ്റ് ടൂറിസം അനുബന്ധ ബിസിനസുകൾ എന്നിവയിൽ പുതിയ നിയമങ്ങൾ കർശനമായി നടപ്പിലാക്കും.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ടൂറിസം സ്ഥാപനങ്ങൾക്ക് നിരവധി സുപ്രധാന നിയന്ത്രണങ്ങളാണ് ബാധകമാവുക. സ്വദേശിവൽക്കരണം നിർബന്ധമാക്കിയ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സൗദിവൽക്കരണ നയങ്ങൾക്ക് കീഴിൽ വരുന്ന ജോലികൾ സൗദി അറേബ്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങൾക്കോ വിദേശ തൊഴിലാളികൾക്കോ ഔട്ട്‌സോഴ്‌സ് ചെയ്യാൻ പാടില്ല. ഔട്ട്‌സോഴ്‌സിംഗ് ആവശ്യമാണെങ്കിൽ, സൗദി പൗരന്മാരെ മാത്രം നിയമിക്കുന്നതിന് മന്ത്രാലയം അനുവദിച്ച സ്ഥാപനങ്ങൾക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
അതുപോലെ, ടൂറിസം മേഖലയിലെ റിസപ്ഷൻ ജോലികൾ സൗദികൾ മാത്രമേ ചെയ്യാൻ പാടുള്ളൂ. എല്ലാ ഹോസ്പിറ്റാലിറ്റി, ടൂറിസം കേന്ദ്രങ്ങളിലും പ്രവർത്തന സമയങ്ങളിൽ സൗദി പൗരത്വമുള്ള ഒരാളെങ്കിലും റിസപ്ഷനിസ്റ്റായി ഉണ്ടാവണം. ടൂറിസം മേഖലയിലെ എല്ലാ തൊഴിലാളികളും തൊഴിൽ ആരംഭിക്കുന്നതിനു മുമ്പ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. സബ്‌കോൺട്രാക്റ്റഡ്, സീസണൽ, അല്ലെങ്കിൽ താൽക്കാലികമായി നിയമിക്കപ്പെട്ട തൊഴിലാളികളുടെ കോൺട്രാക്റ്റുകൾ എന്നിവ രേഖപ്പെടുത്തുകയും അജീർ പ്ലാറ്റ്ഫോം വഴിയോ മറ്റ് അംഗീകൃത ഡിജിറ്റൽ ടൂളുകൾ വഴിയോ സബ്മിറ്റ് ചെയ്യുകയും വേണം. ഒന്നിലധികം ബ്രാഞ്ചുകൾ ഉള്ള ബിസിനസുകൾ ഓരോ ബ്രാഞ്ചിന്റെയും ലൈസൻസിനു കീഴിൽ തൊഴിലാളികളെ പ്രത്യേകം രജിസ്റ്റർ ചെയ്യണം. ഇവ നടപ്പാകുന്നുണ്ട് ഉറപ്പാക്കാൻ ടൂറിസം മന്ത്രാലയം മാനവ വിഭവശേഷി മന്ത്രാലയവുമായി ചേർന്നു പ്രവർത്തിക്കും. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് സസ്‌പെൻഷൻ, പിഴകൾ തുടങ്ങിയവ നേരിടേണ്ടിവരും.
വിഷൻ 2030-ന്റെ ഭാഗമായി സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സൗദി അറേബ്യയുടെ വിശാലമായ സാമ്പത്തിക വൈവിധ്യവൽക്കരണ നയങ്ങളുമായി ചേർന്നു പോകുന്നതാണിത്. 2030-ഓടെ പ്രതിവർഷം 150 മില്ല്യൺ സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ടൂറിസം മേഖല, വിഷൻ 2030-ന്റെ ഒരു പ്രധാന ഭാഗമാണ്.