ജിദ്ദ – യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) ഹദറമൗത്ത്, അൽമഹ്‌റ എന്നീ ഗവർണറേറ്റുകളിൽ അടുത്തിടെ നടത്തിയ സൈനിക നീക്കങ്ങൾ ഏകപക്ഷീയമാണെന്നും യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലുമായോ സഖ്യസേനയുമായോ ഏകോപിപ്പിക്കാതെ നടത്തിയതാണെന്നും സൗദി അറേബ്യ പറഞ്ഞു. ഈ നീക്കങ്ങൾ സംഘർഷം വർധിക്കാൻ കാരണമായി. ഇത് യെമൻ ജനതയിലെ എല്ലാ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങളെയും ദക്ഷിണ യെമൻ പ്രശ്‌നത്തെയും സഖ്യസേന നടത്തുന്ന ശ്രമങ്ങളെയും ദോഷകരമായി ബാധിച്ചു. സമീപകാല സംഭവവികാസങ്ങളിൽ യെമന്റെ ഐക്യം സംരക്ഷിക്കാൻ സൗദി അറേബ്യ മുൻഗണന നൽകിയിട്ടുണ്ട്. രണ്ട് ഗവർണറേറ്റുകളിലെയും സാഹചര്യം പരിഹരിക്കുന്നതിന് സമാധാനപരമായ പരിഹാരങ്ങളിൽ എത്തിച്ചേരാനും സൗദി ശ്രമങ്ങൾ നടത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൗദി യുഎഇയുമായും യെമൻ പ്രസിഡന്റുമായും സർക്കാരുമായും സഹകരിച്ചു. ഏദനിലെ സതേൺ ട്രാൻസിഷണൽ കൗൺസിലുമായി സഹകരിച്ച് സംഘർഷം ലഘൂകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാനായി സൗദി, യുഎഇയിൽ സംയുക്ത സൈനിക സംഘത്തെ അയച്ചു. രണ്ട് ഗവർണറേറ്റുകൾക്കും പുറത്തുള്ള അവരുടെ മുൻ സ്ഥാനങ്ങളിലേക്ക് സതേൺ ട്രാൻസിഷണൽ കൗൺസിൽ സേനയുടെ മടക്കം ഉറപ്പാക്കാനും സഖ്യസേനയുടെ മേൽനോട്ടത്തിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾക്ക് അനുസൃതമായി ആ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകൾ നാഷണൽ ഷീൽഡ് ഫോഴ്‌സിനും പ്രാദേശിക അധികൃതർക്കും കൈമാറാനുമാണ് സംയുക്ത സൈനിക സംഘത്തെ അയച്ചതിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു.
സതേൺ ട്രാൻസിഷണൽ കൗൺസിൽ സംഘർഷം അവസാനിപ്പിക്കുന്നതിലൂടെയും രണ്ട് ഗവർണറേറ്റുകളിൽ നിന്നും തങ്ങളുടെ സൈന്യത്തെ അടിയന്തിരമായും ക്രമാനുഗതമായും പിൻവലിക്കുന്നതിലൂടെയും പൊതുതാൽപര്യം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കാനും എല്ലാ യെമൻ വിഭാഗങ്ങളും തമ്മിലുള്ള സഹകരണം പ്രധാനമാണ്. സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന നടപടികൾ അഭികാമ്യമല്ലാത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാക്കുമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു.
ദക്ഷിണ യെമൻ പ്രശ്‌നം ചരിത്രപരവും സാമൂഹികവുമായ മാനങ്ങളുള്ള ന്യായമായ പ്രശ്‌നമാണ്. സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ എല്ലാ യെമൻ പാർട്ടികളും തമ്മിലുള്ള സംഭാഷണത്തിലൂടെ അത് പരിഹരിക്കപ്പെടും. യെമനിൽ സുരക്ഷ, സ്ഥിരത, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിൽ യെമൻ പ്രസിഡന്റിനും പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും യെമൻ സർക്കാരിനും സൗദി അറേബ്യ പിന്തുണ നൽകുമെന്നും വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.



