മക്ക – ദിവസങ്ങള്‍ക്കു മുമ്പ് വിശുദ്ധ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് സൗദി യുവാവാണെന്ന് വിവരം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഇരുപത് വയസുകാരനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹറമില്‍ വെച്ച് യുവാവിന് മതിഭ്രമം അനുഭവപ്പെട്ടതായും ഇത് മരിച്ചുപോയ പിതാവിനൊപ്പം ചേരാന്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് തോന്നിപ്പിക്കുകയായിരുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് നിലവില്‍ തീവ്രമായ മെഡിക്കല്‍-മാനസിക ചികിത്സകള്‍ നല്‍കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച തീര്‍ഥാടകനെ സുരക്ഷാ ഭടന്‍ സ്വന്തം ശരീരം മറയാക്കി രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ സൈനികനും തീര്‍ഥാടനും പരിക്കേറ്റിരുന്നു.



