ജിദ്ദ– സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ ഇടപാടിലൂടെ വിതരണം ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതു പ്രകാരം മൂന്നും അതിൽ കൂടുതലും ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾ അവർക്കു കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ വോലറ്റ്, ബാങ്ക് വഴി മാത്രമെ ശമ്പളം വിതരണം ചെയ്യാവൂ.
ഈ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. പുതിയ വിസകളിൽ എത്തുന്ന തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ ശമ്പള വിതരണം നിർബന്ധമാക്കിയത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ നിലവില്‍ വന്ന രണ്ടാം ഘട്ടത്തില്‍ നാലും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകളേയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ അടുത്ത ഘട്ടം 2025 ഒക്ടോബർ ഒന്നിനും, അവസാന ഘട്ടം 2026 ജനുവരി ഒന്നിനും പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ എല്ലാ ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമ ശമ്പളം വിതരണം ചെയ്യുന്നത് പൂർണമായും ഡിജിറ്റൽ ഇടപാടിലൂടെ മാത്രം ആയിരിക്കും.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ശമ്പളം വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും എളുപ്പമാക്കാനുമാണ് വേതന വിതരണം മുസാനിദ് പ്ലാറ്റ്‌ഫോമം മുഖേനയുള്ള ഡിജിറ്റല്‍ ഇടപാട് മാത്രമാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഈ സേവനം തൊഴിലുടമയ്ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. ശമ്പളം വിതരണം ചെയ്തതിനു തെളിവ് ഡിജിറ്റലായി ലഭ്യമാകും. തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിക്കുമ്പോഴും തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോകുമ്പോഴും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് തൊഴിലുടമയെ സഹായിക്കുന്നു. കൂടാതെ തൊഴിലാളിക്ക് മുടങ്ങാതെ ശമ്പളം ലഭിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുന്നു. എളുപ്പത്തിലും സുരക്ഷിതമായും സ്വന്തം നാട്ടിലുള്ള കുടുംബത്തിന് പണം അയക്കാനും ഈ സേവനം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്നു.
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഈ വേതന സുരക്ഷാ പദ്ധതി വിവിധ ഘട്ടങ്ങളായി നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും സമാന പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്. സുരക്ഷിത തൊഴിലന്തരീക്ഷം ഒരുക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും അതുവഴി സൗദി തൊഴില്‍ വിപണി കൂടുതൽ ആകർഷകമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നിലവില്‍ ഒമ്പതു ലക്ഷത്തിലേറെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ ഉണ്ട്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് വന്‍കിട കമ്പനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. ഇപ്പോൾ 88 ശതമാനം സ്വകാര്യ മേഖലാ സ്ഥാപനങ്ങളും പദ്ധതി പരിധിയില്‍ വന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ 85 ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നു. ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഈ സ്ഥാപനങ്ങള്‍ ഓരോ മാസവും സമര്‍പ്പിക്കുന്ന രേഖകൾ മന്ത്രാലയം നിരീക്ഷിക്കുന്നു. ഈ സ്ഥാപനങ്ങള്‍ 3,500 കോടി റിയാല്‍ ആണ് വേതനയിനത്തില്‍ ഓരോ മാസവും ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട തൊഴിൽ കേസുകൾ ഗണ്യമായി കുറയ്ക്കാൻ ഈ വേതന സുരക്ഷാ പദ്ധതി സഹായകമായിട്ടുണ്ട്. വിദേശികള്‍ക്ക് സുരക്ഷിതവും ആകര്‍ഷകവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും, ബിനാമി ബിസിനസുകള്‍ക്ക് തടയിടാനും, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും, മനുഷ്യക്കടത്ത് കുറ്റകൃത്യ വിരുദ്ധ സൂചികയില്‍ ആഗോള തലത്തില്‍ സൌദിക്ക് രണ്ടാം സ്ഥാനത്തെത്താനും ഈ പദ്ധതി സഹായകമായിട്ടുണ്ട്.