ജിദ്ദ – സൗദിയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫഷനുകളില്‍ തൊഴില്‍ നിയന്ത്രിക്കുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ചെയര്‍മാനുമായ എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പുറത്തിറക്കി. ഇത്തരം തൊഴിലാളി പരിക്കുകളും രോഗങ്ങളും കുറക്കാനും , സുരക്ഷയും, ആരോഗ്യ നിലവാരവും വര്‍ധിപ്പിക്കാനുമാണ് നിയമാവലി ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍, തൊഴിലുടമകള്‍, ജീവനക്കാര്‍ എന്നിവരുടെ ഉത്തരവാദിത്തങ്ങളും പരിശീലനം, യോഗ്യത, നിരീക്ഷണം, തുടര്‍നടപടികള്‍ എന്നിവക്കുള്ള സംവിധാനങ്ങളും നിര്‍വചിച്ചുകൊണ്ട് രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ നിയമാവലി ശ്രമിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള തൊഴിലുകളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇത് ഉറപ്പാക്കുന്നു.
സൗദികള്‍, വിദേശികള്‍, ഫുള്‍ടൈം ജീവനക്കാര്‍, പാര്‍ട്ട്-ടൈം ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ അടക്കം പൊതു, സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിയമാവലിയിലെ വ്യവസ്ഥകള്‍ ഒരുപോലെ ബാധകമാണ്. തൊഴില്‍ അന്തരീക്ഷങ്ങളുടെയും അവരുടെ കാര്യക്ഷമതയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിലക്ക് തീരുമാനമെടുക്കുന്നവരെ പിന്തുണക്കാനും പ്രതിരോധ മേല്‍നോട്ടം വര്‍ധിപ്പിക്കാനും സമഗ്രമായ ആരോഗ്യ ഡാറ്റാബേസുകള്‍ സ്ഥാപിക്കുന്നതും നിയമാവലിയില്‍ ഉള്‍പ്പെടുന്നു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനായി ആഗോള തൊഴില്‍ സുരക്ഷയിലും ആരോഗ്യ സൂചകങ്ങളിലും രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് തുടരുന്നതിൻ്റെ ഭാഗമാണിത്.



