ജിദ്ദ– കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ സ്വര്‍ണം ഇറക്കുമതിയിൽ ഗണ്യമായ വര്‍ധവ്. 2021 നും 2024 നും ഇടയില്‍ ആകെ 4,36,055 കിലോഗ്രാം സ്വര്‍ണം സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. സ്വര്‍ണ ഇറക്കുമതിയില്‍ തുടര്‍ച്ചയായ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2021 ല്‍ 63,975 കിലോഗ്രാം സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2022 ല്‍ ഇത് 98,789 കിലോഗ്രാമായും 2023 ല്‍ 1,17,146 കിലോഗ്രാമായും വര്‍ധിച്ചു. 2024 ല്‍ 1,56,145 കിലോഗ്രാം സ്വര്‍ണം ഇറക്കുമതി ചെയ്തു. നാല് വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ ഒന്നര ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. സ്വര്‍ണ കയറ്റുമതിയിലും താരതമ്യേന സ്ഥിരത കൈവരിക്കാൻ സൗദിക്ക് കഴിഞ്ഞു. 2021 ല്‍ 22,657 കിലോ സ്വര്‍ണ കയറ്റുമതി ചെയ്തപ്പോൾ 2022 ല്‍ 20,049 ഉം 2023 ല്‍ 25,334 ഉം 2024 ല്‍ 22,659 ഉം കിലോഗ്രാം സ്വര്‍ണവുമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.
ഇന്ത്യയിലേക്കുള്ള സ്വര്‍ണ കയറ്റുമതിയിൽ 190 ശതമാനം വർധനവ് രേഖപ്പെടുത്തി. 2021 ല്‍ ഇന്ത്യയിലേക്ക് 2,587 കിലോഗ്രാം സ്വര്‍ണമാണ് കയറ്റി അയച്ചത്. 2022 ല്‍ 3,538 ഉം 2023 ല്‍ 7,216 ഉം 2024 ല്‍ 7,519 ഉം കിലോഗ്രാമായി ഇത് ഉയര്‍ന്നു. 2024 ല്‍ ഇറാഖ് പുതിയ കയറ്റുമതി ലക്ഷ്യസ്ഥാനമായി വിപണിയില്‍ പ്രവേശിച്ചു. കഴിഞ്ഞ കൊല്ലം ഇറാഖിലേക്ക് 1,128 കിലോഗ്രാം സ്വര്‍ണം കയറ്റി അയച്ചു. എന്നാൽ യു.എ.ഇയിലേക്കുള്ള കയറ്റുമതിയിൽ 26.69 ശതമാനം കുറവ് വന്നു. 2021 ല്‍ 6,938 ഉം 2022 ല്‍ 6,455 ഉം 2023 ല്‍ 6,657 ഉം 2024 ല്‍ 5,086 ഉം കിലോഗ്രാം സ്വര്‍ണവുമാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. നാല് വര്‍ഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള കയറ്റുമതിയിൽ 17.58 ശതമാനം കുറവ് രേഖപ്പെടുത്തി. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 87.95 ശതമാനം തോതിലും കുറഞ്ഞു.
സൗദിയിലേക്ക് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതി നാല് വര്‍ഷത്തിനിടെ 709 ശതമാനം തോതില്‍ വര്‍ധിച്ചു. 2021 ല്‍ 8,174 കിലോഗ്രാം സ്വര്‍ണമാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തപ്പോൾ 2024 ല്‍ ഇത് 66,157 കിലോഗ്രാമാണ്. 2023 ലാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്വര്‍ണം (74,280 കിലോ) ഇറക്കുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയിലും 2024 ല്‍ അസാധാരണമായ കുതിച്ചുചാട്ടമുണ്ടായി. കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ നിന്ന് 39,103 കിലോ സ്വര്‍ണം ഇറക്കുമതി ചെയ്തു. 2021, 2023 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നില്ല. 2022 ല്‍ അഞ്ചു കിലോ സ്വര്‍ണം മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. സ്‌പെയിനില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി വര്‍ധിച്ചു. 2021 ല്‍ ഒരു കിലോഗ്രാം സ്വര്‍ണമാണ് സ്‌പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ കൊല്ലം ഇത് 4,752 കിലോഗ്രാം ആയി ഉയര്‍ന്നു.
യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി 22.41 ശതമാനം തോതില്‍ കുറഞ്ഞു. 2024 ല്‍ 38,000 കിലോഗ്രാമിലേറെ സ്വര്‍ണം യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഇറക്കുമതി 15.23 ശതമാനം തോതില്‍ കുറഞ്ഞെങ്കിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിയിൽ 178 ശതമാനം വര്‍ധനവുണ്ട്.



