ജിദ്ദ – മൂലധന ഒഴുക്ക് ആകര്‍ഷിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുമായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനെ ഒഴിവാക്കാന്‍ ഇന്ത്യ സമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അനുബന്ധ സ്ഥാപനങ്ങളെ ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് നേരത്തെ രാജ്യത്തെ നിയമങ്ങള്‍ തടഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ധാരണയായിരുന്നു. സൗദിയുമായി ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവെക്കുന്നതിനെ കുറിച്ചും ഇന്ത്യ ചര്‍ച്ച ചെയ്യുന്നുണ്ട്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് അനുവദിച്ച ഇളവ് അതിന്റെ അനുബന്ധ സ്ഥാപനങ്ങളെ ഇന്ത്യയില്‍ വെവ്വേറെ നിക്ഷേപങ്ങള്‍ നടത്താന്‍ അനുവദിക്കുമെന്നും ഇത് നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കാതെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ മൂലധനം വിന്യസിക്കാനുള്ള വഴക്കം വര്‍ധിപ്പിക്കുമെന്നും അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളില്‍ ഒന്നായ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏകദേശം 925 ബില്യണ്‍ ഡോളര്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ, ഊര്‍ജ മേഖലകളെ പിന്തുണക്കാനായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് നികുതി ഇളവുകള്‍ പോലുള്ള നടപടികളും ഇന്ത്യന്‍ ഗവണ്മെന്റ് പരിഗണിക്കുന്നുണ്ടെന്ന് സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.