ദമാസ്‌കസ്– സിറിയക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ധന സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ആറര ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് കൈമാറിയത്. സൗദിയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വഹിച്ച എണ്ണ ടാങ്കര്‍ സിറിയയിലെ ബാനിയാസ് തുറമുഖത്ത് നങ്കൂരമിട്ടു. സിറിയക്ക് ആകെ 16,50,000 ബാരല്‍ അസംസ്‌കൃത എണ്ണയുടെ ഗ്രാന്റാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സിറിയക്ക് 16.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സൗജന്യമായി നല്‍കുന്നത്.
സൗദി ഡെവലപ്‌മെന്റ് ഫണ്ടും സിറിയന്‍ ഊര്‍ജ മന്ത്രാലയവും സെപ്റ്റംബര്‍ 11 ന് ഗ്രാന്റ് കരാറില്‍ ഒപ്പുവെച്ചിരുന്നു. സിറിയന്‍ റിഫൈനറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പ്രവര്‍ത്തനപരവും സാമ്പത്തികവുമായ സുസ്ഥിരത കൈവരിക്കാനാണ് സൗദി ഗ്രാന്റ് നല്‍കുന്നത്. ഇത് സിറിയയില്‍ സാമ്പത്തിക വികസനത്തെ പിന്തുണക്കാനും വെല്ലുവിളികള്‍ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.



