ജിദ്ദ – സൗദി, യു.എഇ ബന്ധം പ്രാദേശിക സ്ഥിരതക്ക് നിര്‍ണ്ണായകമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിനിടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. യെമനില്‍ നിന്നുള്ള യു.എ.ഇയുടെ പിന്‍വാങ്ങല്‍ സൗദി അറേബ്യയുമായുള്ള ശക്തമായ ബന്ധത്തിനുള്ള അടിത്തറയാണ്. ഇത് പ്രാദേശിക സ്ഥിരതയെ സഹായിക്കും. യെമന്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളില്‍ ഭിന്നതയുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിര്‍ണ്ണായകമാണ്. ഇത് പ്രാദേശിക സ്ഥിരതക്ക് പ്രധാന ഘടകമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ പ്രധാന പങ്കാളിയെന്ന നിലയില്‍ യു.എ.ഇയുമായി ശക്തവും പോസിറ്റീവുമായ ബന്ധം പുലര്‍ത്താന്‍ സൗദി അറേബ്യ എപ്പോഴും ആഗ്രഹിക്കുന്നു. യെമന്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെന്ന കാര്യം വ്യക്തമാണ്. യു.എ.ഇ ഇപ്പോള്‍ യെമന്‍ വിടാന്‍ തീരുമാനിച്ചിരിക്കുന്നു. യെമന്‍ പ്രശ്‌നം യു.എ.ഇ പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ സൗദി അറേബ്യ ഉത്തരവാദിത്തം ഏറ്റെടുക്കും. യു.എ.ഇയുമായുള്ള ബന്ധം ശക്തമായി തുടരുകയും ഇരു രാജ്യങ്ങളുടെയും മാത്രമല്ല, മേഖലയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ശക്തമായ അടിത്തറയാണിതെന്ന് ഞാന്‍ കരുതുന്നു – സൗദി വിദേശ മന്ത്രി പറഞ്ഞു.
അതേസമയം, ഇറാനെതിരായ സൈനിക നടപടികളില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി, ഭൂപ്രദേശം, ജലാശയങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കില്ലെന്നും യു.എ.ഇ വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു. സംവാദം, സംഘര്‍ഷം കുറക്കല്‍, അന്താരാഷ്ട്ര നിയമം പാലിക്കല്‍, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയാണ് നിലവിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ അടിത്തറയെന്ന യു.എ.ഇയുടെ വിശ്വാസം മന്ത്രാലയം ആവര്‍ത്തിച്ചു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള യു.എ.ഇയുടെ സമീപനത്തിന് ഇത് അടിവരയിടുന്നു.



