ജിദ്ദ: അമേരിക്കന്‍, ഇറാന്‍ വിദേശ മന്ത്രിമാരുമായി ചര്‍ച്ച നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. യു.എസ്, ഇറാന്‍ വിദേശ മന്ത്രിമാര്‍ സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മേഖലാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും ഇവ തടയാന്‍ നടത്തുന്ന ശ്രമങ്ങളും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിശകലനം ചെയ്തു.
ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും സൗദി വിദേശ മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനെ കുറിച്ചും വിശകലനം ചെയ്തു.
അതിനിടെ, അമേരിക്കന്‍ പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനും സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സൈനിക, പ്രതിരോധ മേഖയില്‍ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും ഈ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ ആക്രമണങ്ങളും ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്ന നിലക്ക് സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിക്കാതെ നോക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.