ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രത്യേക കമ്മിറ്റി കുറ്റക്കാര്‍ക്ക് ഏഴു കോടിയോളം റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ശക്തമായ പരിശോധനകളുടെ ഫലമായി ബിനാമിയാണെന്ന് സംശയിക്കുന്ന 1,017 കേസുകള്‍ കണ്ടെത്താനും 724 നിയമ ലംഘനങ്ങള്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് റഫര്‍ ചെയ്യാനും 47 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും കഴിഞ്ഞു. കേസുകള്‍ പരിശോധിച്ച പ്രത്യേക കമ്മിറ്റി നിയമ ലംഘകര്‍ക്ക് ആകെ 6.82 കോടി റിയാല്‍ പിഴ ചുമത്തി. കോണ്‍ട്രാക്ടിംഗ്, കാറ്ററിംഗ്, ഇന്റീരിയര്‍ ഡിസൈന്‍, ഗ്യാസ് സ്റ്റേഷനുകള്‍, ഗതാഗതം, ലോജിസ്റ്റിക്സ്, പെര്‍ഫ്യൂംസ്, റെസ്റ്റോറന്റുകള്‍, മെഡിക്കല്‍ സപ്ലൈസ്, ടൂറിസ്റ്റ് താമസം തുടങ്ങി വിവിധ മേഖലകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ഉള്‍പ്പെടെ ബിനാമി കേസുകളില്‍ 16 വിധിന്യായങ്ങള്‍ പ്രസിദ്ധീകരിച്ചു. തടവ്, പിഴ, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും ലൈസന്‍സുകളും റദ്ദാക്കല്‍, പ്രവാസികളായ കുറ്റക്കാരെ നാടുകടത്തല്‍ എന്നീ ശിക്ഷകളാണ് കുറ്റക്കാര്‍ക്ക് ലഭിച്ചത്.
ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിച്ച് കഴിഞ്ഞ വര്‍ഷം ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം 35,280 സ്ഥാപനങ്ങളില്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തി. വാണിജ്യ മന്ത്രാലയം, നഗരസഭ, ഭവന മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി എന്നീ അഞ്ചു വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. നിര്‍മ്മാണ സാമഗ്രികളുടെ ചില്ലറ വില്‍പ്പന, മിനിമാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, ജെന്റ്‌സ് സലൂണുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ടൈലറിംഗ് ഷോപ്പുകള്‍, എന്‍ജിനീയറിംഗ് ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില്‍ ആകെ 27 സര്‍ക്കാര്‍ വകുപ്പുകള്‍ പങ്കാളിത്തം വഹിക്കുന്നു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം 21 മീറ്റിംഗുകള്‍ നടത്തി. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം ആരംഭിച്ചതിനുശേഷം കഴിഞ്ഞ വര്‍ഷാവസാനം വരെ ആകെ 3,02,433 സ്ഥാപനങ്ങളില്‍ പരിശോധനകളാണ് നടത്തിയത്. ബിനാമി ബിസിനസ് സംശയിക്കപ്പെടുന്നതായി അറിയിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലഭിച്ച 6,373 അംഗീകൃത റിപ്പോര്‍ട്ടുകളും പ്രത്യേക പരിശോധനാ സംഘങ്ങള്‍ കൈകാര്യം ചെയ്തു. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം 20 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സംയുക്ത ബോധവല്‍ക്കരണ കാമ്പെയ്നുകളും നടത്തി.



