ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർത്ഥിയും മലപ്പുറം പത്തിരിയാൽ സ്വദേശിയുമായ മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ യുഎസിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയുടെ ഗവേഷണ സ്കോളർഷിപ് ലഭിച്ചു. ഖരഗ്പൂർ ഐഐടിയിൽ അഞ്ചാം വർഷ വിദ്യാർത്ഥിയായ ഫായിസിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണ പഠനത്തിനാണ് ഈ സ്കോളർഷിപ്. പ്രൊഫസർ റികാർഡോ ഹിനാവോയുടെ കീഴിൽ അഡ്വാൻസിങ് എത്തിക്കൽ ആൻഡ് ഇക്യുറ്റബിൾ മെഷീൻ ലേർണിങ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. അഞ്ച് കോടി രൂപയുടെ ഫണ്ടും ഈ ഗവേഷണത്തിന് ലഭിക്കും.
33 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ യൂസുഫ് പരപ്പന്റെയും ഹസീനയുടെയും മകനാണ് ഫായിസ്. പത്താം ക്ലാസ്സ് വരെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലും തുടർന്ന് ഹയർ സെക്കന്ററി പഠനം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലുമായിരുന്നു. ശേഷം ജെഇഇ അഡ്വാൻസ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടി.
2023ൽ കാനഡ സർക്കാരിന്റെ കീഴിലുള്ള മിറ്റാക്സ് ഗ്ലോബലിങ്ക് ഇന്റർനാഷനൽ സ്കോളർഷിപ് നേടി കാനഡയിലെ ക്യുൻസ് സർവകലാശാലയിലും, 2024ൽ ജിദ്ദയിലെ കിംഗ് അബ്ദുള്ള യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലും ഗവേഷണ ഇന്റേൺഷിപ്പുകൾ നേടിയ ഫായിസ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിലെ പഠനങ്ങളുമായി ബന്ധപ്പ് വിവിധ റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യാ എഐ ഫെലോഷിപ്പ് ജേതാവ് കൂടിയാണ് ഫായിസ്. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് നേടി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന ഫഹ്‌ല ആമീർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ബിരുദ വിദ്യാർത്ഥിനിയായ ഫാത്തിമ ഫർഹ എന്നിവർ സഹോദരിമാരാണ്.