ജിദ്ദ. കാബൂളിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം പൂർണതോതിൽ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഞായറാഴ്ച മുതലാണ് പ്രവർത്തനം തുടങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്തെ സാഹചര്യങ്ങൾ അസ്ഥിരമായതിനെ തുടർന്ന് 2021 ഓഗസ്റ്റ് 15നാണ് സൗദി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് എംബസി പ്രവർത്തനം താൽക്കാലികമായി നിറുത്തിവച്ചത്. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിന് 2021 നവംബറിൽ തന്നെ കോൺസുലാർ സേവനങ്ങൾ തുടർന്നിരുന്നു.
സൗദി എംബസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെ അഫ്ഗാനിസ്ഥാന്‍ വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അഫ്ഗാന്‍ വിദേശ മന്ത്രാലയ വക്താവ് സിയാ അഹ്മദ് പറഞ്ഞു. സൗദിയില്‍ കഴിയുന്ന അഫ്ഗാനികളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനും സൗദി എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാന് മാനവിക സഹായങ്ങളെത്തിക്കുന്നതിനു വേണ്ടി കിങ് സൽമാൻ റിലീഫ് സെന്റർ വഴി സൗദി വിവിധ പദ്ധതികൾ അഫ്ഗാനിൽ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ സഹായം, ആരോഗ്യ സേവനം, വിദ്യാഭ്യാസം, കുടിവെള്ളം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കാണ് സൗദി സഹായങ്ങളെത്തിക്കുന്നത്.