റിയാദ് – റിയാദിൽ ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ഡാറ്റാ സെന്ററായ ‘ഹെക്സഗണി’ന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) കീഴിൽ മൂന്ന് കോടി ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഈ കേന്ദ്രം 480 മെഗാവാട്ട് ശേഷിയുള്ളതാണ്. അത്യാധുനിക ടയർ-4 വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സെന്റർ ആഗോള എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾ പാലിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗവൺമെന്റ് സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന ഇ-സേവന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഡാറ്റാ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
സൗദി വിഷൻ 2030-ന്റെ ഭാഗമായ ഈ പദ്ധതി രാജ്യത്തെ ഒരു ആഗോള ഡിജിറ്റൽ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്ക് ആവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ടാകും. പരിസ്ഥിതി സൗഹൃദമായ ഈ ഗ്രീൻ ഡാറ്റാ സെന്റർ സ്മാർട്ട് കൂളിംഗ് സംവിധാനങ്ങളും പുനരുപയോഗ ഊർജവും ഉപയോഗിക്കുന്നു. പ്രതിവർഷം 30,000 ടൺ കാർബൺ ഉദ്വമനം കുറയ്ക്കാനും സൗദി സമ്പദ്‌വ്യവസ്ഥയിൽ 10.8 ബില്യൺ റിയാലിന്റെ ചലനം സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും. വരും വർഷങ്ങളിൽ സമാനമായ കൂടുതൽ സെന്ററുകൾ നിർമ്മിക്കാനും സൗദി അറേബ്യക്ക് പദ്ധതിയുണ്ട്.



