ജിദ്ദ – സൗദിയിലെ അണക്കെട്ടുകളിലെ ജലശേഖരം സര്‍വകാല റെക്കോര്‍ഡിട്ടതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. റമദാന്‍ 26 (ഏപ്രില്‍ 5) ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അണക്കെട്ടുകളില്‍ 82.9 കോടി ഘനമീറ്റര്‍ ജലശേഖരമുണ്ട്. 2010 ല്‍ അണക്കെട്ടുകളിലെ ജലശേഖരത്തിന്റെ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള കാലത്ത് ഡാമുകളിലെ ജലശേഖരം ഇത്രയും ഉയരുന്നത് ആദ്യമാണ്.
റമദാന്‍ 17 (മാര്‍ച്ച് 27) മുതല്‍ റമദാന്‍ 26 (ഏപ്രില്‍ 5) വരെ തുടര്‍ച്ചയായി പത്തു ദിവസം സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ലഭിച്ചതിന്റെയും നിരവധി താഴ്‌വരകളില്‍ മലവെള്ളം കുത്തിയൊലിച്ചതിന്റെയും ഫലമായാണ് അണക്കെട്ടുകളില്‍ ജലശേഖരം ഉയര്‍ന്നത്. പത്തു ദിവസത്തിനിടെ 24.3 കോടി ഘനമീറ്റര്‍ ജലം അണക്കെട്ടുകളിലെ സംഭരണികളിലെത്തി. ഇതോടെ അണക്കെട്ടുകളിലെ ആകെ ജലശേഖരം 82.9 കോടി ഘനമീറ്ററായി ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് പല അണക്കെട്ടുകളും കവിഞ്ഞൊഴുകിയിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശരാശരി 106 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022 ല്‍ ഇത് 91 മില്ലീമീറ്ററായിരുന്നു. നാല്‍പതു വര്‍ഷത്തിനിടെ സൗദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശരാശരി വാര്‍ഷിക മഴ 103 മില്ലീമീറ്ററാണ്. ഇതിനെക്കാള്‍ കൂടിയ മഴയാണ് കഴിഞ്ഞ കൊല്ലം രാജ്യത്ത് ലഭിച്ചതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.