വാഷിംഗ്ടണ്‍ – പതിനായിരക്കണക്കിനാളുകളുടെ മരണത്തിന് ഇടയാക്കിയ സുഡാന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സുഡാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായി ഇടപെടാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്നോട് ആവശ്യപ്പെട്ടതായി സൗദി-യു.എസ് നിക്ഷേപ ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു. സുഡാനിലെ സംഘര്‍ഷം പരിഹരിക്കുന്നത് തന്റെ പദ്ധതികളുടെ ഭാഗമായിരുന്നില്ല. ഐക്യരാഷ്ട്രസഭ ലോകത്തിലെ ഏറ്റവും മോശമായി കണക്കാക്കുന്ന സുഡാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായി ഇടപെടാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. സുഡാനിലെ സാഹചര്യം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തനിക്ക് വിശദീകരിച്ചു നല്‍കി. അതിനെ ഒരു ഭയാനക യുദ്ധം എന്ന് സൗദി കിരീടാവകാശി വിശേഷിപ്പിച്ചു. സുഡാന്റെ ചരിത്രത്തെയും അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിവരിച്ചു. കിരീടാവകാശി സംസാരിച്ച് 30 മിനിറ്റിനു ശേഷം, ഞാന്‍ സുഡാന്‍ സാഹചര്യം പഠിക്കാനും പ്രശ്‌നപരിഹാര ദിശയിലേക്ക് നീങ്ങാനും തുടങ്ങി. സുഡാന്‍ യുദ്ധത്തിന് അടിയന്തര പരിഹാരം കണ്ടെത്താന്‍ സൗദി അറേബ്യയുമായി സഹകരിച്ച് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
സുഡാന് മികച്ച നാഗരികതയും സംസ്‌കാരവുമുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായി. എന്നാലും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും സ്ഥിതിഗതികള്‍ നന്നാക്കാന്‍ കഴിയും. ഈ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, മിഡില്‍ ഈസ്റ്റിലെ മറ്റ് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സുഡാനിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ സൗദി കിരീടാവകാശിക്ക് ശക്തമായ പങ്കുണ്ടായിരിക്കുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. ഭൂമിയിലെ ഏറ്റവും അക്രമം നിറഞ്ഞ സ്ഥലമായി സുഡാന്‍ മാറിയിരിക്കുന്നു. ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിടുന്നു – ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പിന്നീട് കുറിച്ചു. അറബ് രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള നേതാക്കള്‍, പ്രത്യേകിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സുഡാനില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഉടനടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന്റെ ശക്തിയും സ്വാധീനവും ഉപയോഗിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സുഡാനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുഡാന്‍ സോവറീന്‍ കൗണ്‍സില്‍ തലവനും സൈനിക മേധാവിയുമായ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും പ്രസിഡന്റ് ട്രംപിനോടും നന്ദി പറഞ്ഞു. സുഡാനില്‍ നീതിയുക്തവും തുല്യവുമായ സമാധാനം കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ സുഡാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സുഡാനില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ തടയാനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങള്‍ക്കും സുഡാന്‍ സര്‍ക്കാര്‍ നന്ദി പറഞ്ഞു. അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സുഡാനിലെ സംഘര്‍ഷം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടറ്റിന്റെ ഭാഗമാണ്. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനായി ട്രംപിന്റെ സ്വകാര്യ ദൂതന്‍ മസ്അദ് ബൗലസ് വഴി അമേരിക്ക മൂന്ന് മുതല്‍ ഒമ്പത് മാസം വരെ താല്‍ക്കാലിക മാനുഷിക വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
2023 മെയ് 6 മുതല്‍ മെയ് 10 വരെ ജിദ്ദയില്‍ സൗദി അറേബ്യ മുന്‍കൈയെടുത്ത് സുഡാന്‍ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. മെയ് 11 ന് സുഡാന്‍ കക്ഷികള്‍ ജിദ്ദ മാനുഷിക പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. സുഡാനിലെ സിവിലിയന്മാരെ സംരക്ഷിക്കാനും മാനുഷിക സഹായം കൈമാറാന്‍ അനുവദിക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപനം വ്യവസ്ഥ ചെയ്യുകയും സുഡാന്റെ പരമാധികാരവും ഐക്യവും സ്ഥിരീകരിക്കുകയും ചെയ്തു.
സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള അധികാര പോരാട്ടത്തിനിടയിലാണ് 2023 ഏപ്രിലില്‍ സുഡാനിലെ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോരാട്ടം വംശീയ പ്രേരിതമായ കൊലപാതകങ്ങളിലും വ്യാപകമായ നാശത്തിലും കൂട്ടകുടിയിറക്കത്തിലും കലാശിച്ചു. ഇത് വിദേശ ശക്തികളുടെ ഇടപെടലിന് കാരണമാവുകയും രാജ്യത്തിന്റെ വിഭജനത്തിന് ഭീഷണിയാകുകയും ചെയ്തു. സമീപ മാസങ്ങളില്‍, സുഡാന്‍ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ഡ്രോണ്‍ ആക്രമണങ്ങളെ കൂടുതലായി ആശ്രയിക്കുകയും വലിയ സിവിലിയന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.



