ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന്‍, ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ സഹായിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായി നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള സംഭാഷണത്തെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യയുടെ നിലപാട് കിരീടാവകാശി വ്യക്തമാക്കി.
ഇസ്രായില്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാന്‍ വിദേശ മന്ത്രി നന്ദി രേഖപ്പെടുത്തുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈആബാന്‍, സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തി, നിയമ, അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ സഹമന്ത്രി ഖാസിം ഗരിബാബാദി, വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ, ജിദ്ദയിലെ ഇറാന്‍ കോണ്‍സല്‍ ജനറല്‍ ഹസന്‍ സര്‍നകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായും ഇറാന്‍ വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകളും നടത്തി.