റിയാദ് – സൗദി, ചൈന ഉഭയകക്ഷി നിക്ഷേപങ്ങള്‍ പതിനായിരം കോടി ഡോളര്‍ കവിഞ്ഞതായി റിയാദില്‍ ചൈനീസ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചൈനീസ് എംബസി മിനിസ്റ്റര്‍ കൗണ്‍സിലര്‍ മാ ജിയാന്‍ വെളിപ്പെടുത്തി. സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ചൈന മുന്‍ഗണന നല്‍കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര രാഷ്ട്രീയ വിശ്വാസമുണ്ട്.
മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതില്‍ സൗദി അറേബ്യ പ്രധാന ശക്തിയാണ്. മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യ നിര്‍ണായക പങ്ക് വഹിക്കുന്നു.
ചൈനീസ് സര്‍ക്കാര്‍ ഇത്തരം നയങ്ങളെ അപലപിക്കുന്നതായി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കു മേല്‍ ചുമത്തിയ തീരുവകളെ കുറിച്ച് പരാമര്‍ശിച്ച് മാ ജിയാന്‍ പറഞ്ഞു.
ഇത്തരം നയങ്ങള്‍ അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ തകര്‍ക്കുകയും താരിഫുകളെ സ്വാര്‍ഥതയെ പ്രതിഫലിപ്പിക്കുന്ന ആയുധമാക്കി മാറ്റുകയും ചെയ്യുന്നു. ആഗോള സാമ്പത്തിക ക്രമത്തെ അട്ടിമറിക്കാനാണ് പുതിയ പെരുമാറ്റത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാര തത്വങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ബഹുമുഖ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് ഇത് ഭീഷണിപ്പെടുത്തുന്നതായും മാ ജിയാന്‍ പറഞ്ഞു.