നിയോം – ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അതിശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ വംശീയ ഉന്മൂലനം, ബോധപൂര്‍വമായി പട്ടിണിക്കിടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ഇസ്രായില്‍ ചെയ്യുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും യു.എന്‍ രക്ഷാ സമിതിയുടെയും തുടര്‍ച്ചയായ പരാജയം പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഫലസ്തീന്‍ പ്രദേശങ്ങളില്‍ വംശഹത്യയും നിര്‍ബന്ധിത കുടിയിറക്കവും വര്‍ധിക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ പ്രശ്‌നം അടക്കം ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മന്ത്രിസഭ അവലോകനം ചെയ്തു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഓസ്ട്രേലിയയുടെ പ്രഖ്യാപനത്തെയും സമാനമായ നടപടി സ്വീകരിക്കാനുള്ള ന്യൂസിലാന്റിന്റെ നീക്കത്തെയും സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിനെയും 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പിന്തുണക്കുന്നതില്‍ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര സമവായത്തിന്റെ ഭാഗമാണ്. ഉക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സൗദി അറേബ്യയുടെ പിന്തുണ മന്ത്രിസഭ ആവര്‍ത്തിച്ചു. അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത മന്ത്രിസഭ ഇത് കോക്കസസ് മേഖലയില്‍ സ്ഥിരത ശക്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിടാനും സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ലേബര്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ്, അനുരഞ്ജന പരിഹാരത്തിന് അവസരമൊരുക്കാന്‍ തൊഴില്‍ കേസുകള്‍ ലേബര്‍ ഓഫീസിന് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സൗദിയില്‍ നിലവിലുള്ള സംവിധാനം അനുസരിച്ച് തൊഴില്‍ കേസുകള്‍ അതത് പ്രവിശ്യകളിലെ ലേബര്‍ ഓഫീസുകള്‍ക്കാണ് ആദ്യം സമര്‍പ്പിക്കേണ്ടത്. ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര സമിതികള്‍ തൊഴിലാളികളുമായും തൊഴിലുടമകളുമായും ചര്‍ച്ചകള്‍ നടത്തി കേസുകള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. ഇങ്ങിനെ തൊഴില്‍ കേസുകള്‍ക്ക് അനുരഞ്ജന പരിഹാരം കാണാന്‍ 22 ദിവസമാണ് അനുവദിക്കുന്നത്. ഇതിനകം രമ്യമായി പരിഹരിക്കാന്‍ കഴിയാത്ത തൊഴില്‍ പരാതികള്‍ വിചാരണ ചെയ്ത് തീര്‍പ്പ് കല്‍പിക്കാന്‍ ലേബര്‍ ഓഫീസുകള്‍ ലേബര്‍ കോടതികള്‍ക്ക് കൈമാറുകയാണ് ചെയ്യുക.
ലേബര്‍ കോടതികളുടെ ജോലി ഭാരവും തിരക്കും കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്താണ് സൗദിയില്‍ തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക ലേബര്‍ കോടതികള്‍ സ്ഥാപിച്ചത്. അതിനു മുമ്പ് ലേബര്‍ കോടതികള്‍ക്കു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിച്ചിരുന്നത്.
തൊഴില്‍ കേസ് വിചാരണകള്‍ക്ക് തൊഴിലുടമകള്‍ ലേബര്‍ കോടതികള്‍ക്കു കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളില്‍ മനഃപൂര്‍വം ഹാജരാകാതിരിക്കുന്നത് കേസുകള്‍ അനന്തമായി നീണ്ടുപോകാനും തൊഴിലാളികളുടെ നീതി നിഷേധത്തിനും ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ജുഡീഷ്യല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിച്ചത്. രാജ്യത്തെ പ്രധാന പ്രവിശ്യകളിലും നഗരങ്ങളിലുമെല്ലാം ലേബര്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ജനറല്‍ കോടതികളിലെ പ്രത്യേക ബെഞ്ചുകളാണ് തൊഴില്‍ കേസുകള്‍ പരിഗണിക്കുന്നത്.