ജിദ്ദ – ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയം 151 പുതിയ വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കി. നവംബറില്‍ 93 പുതിയ ഫാക്ടറികളില്‍ ഉല്‍പാദനം ആരംഭിച്ചു. പുതുതായി ലൈസന്‍സുകള്‍ അനുവദിച്ച വ്യവസായ പദ്ധതികളില്‍ ആകെ 2,698 കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാവസായിക സൂചകങ്ങള്‍ പ്രതിമാസം നിരീക്ഷിക്കുന്ന മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് മൈനിംഗ് ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ പദ്ധതികള്‍ 1,370 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു.
നവംബറില്‍ ഉല്‍പാദനം ആരംഭിച്ച ഫാക്ടറികളിലെ ആകെ നിക്ഷേപങ്ങള്‍ 176 കോടി റിയാലാണ്. ഇവ ഏകദേശം 2,642 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദിയില്‍ വ്യാവസായിക അടിത്തറയുടെ തുടര്‍ച്ചയായ വികാസത്തെയും കൂടുതല്‍ ഫാക്ടറികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനെയും ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 12,874 ഫാക്ടറികളുണ്ട്. ഒക്‌ടോബറില്‍ രാജ്യത്ത് 12,769 ഫാക്ടറികളാണുണ്ടായിരുന്നത്. 2024 നവംബറില്‍ വ്യവസായശാലകളുടെ എണ്ണം 11,901 ആയിരുന്നെന്നും വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു.



