റിയാദ് – സൗദിയില്‍ പാലുല്‍പന്നങ്ങളില്‍ സ്വയംപര്യാപ്ത 129 ശതമാനമായി ഉയര്‍ന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. പ്രതിവര്‍ഷം 26 ലക്ഷം ടണ്ണിലേറെ പാലുല്‍പന്നങ്ങള്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രാലം വ്യക്തമാക്കി. പ്രാദേശിക പാലിന്റെയും ഉപോല്‍പന്നങ്ങളായ ക്രീം, തൈര്, മറ്റ് പാലുല്‍പന്നങ്ങള്‍ എന്നിവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിശുദ്ധ റമദാനില്‍ നടത്തുന്ന ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് രാജ്യത്ത് പാലുല്‍പന്നങ്ങളില്‍ ഉയര്‍ന്ന സ്വയംപര്യാപ്ത കൈവരിക്കാന്‍ സാധിച്ചതായി മന്ത്രാലയം വെളിപ്പെടുത്തിയത്.
ദേശീയ ഉല്‍പന്നത്തെ പിന്തുണക്കാനും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്താനും നടത്തുന്ന ശ്രമങ്ങള്‍ കാമ്പയിനിടെ മന്ത്രാലയം ലക്ഷ്യമാക്കുന്നുണ്ട്.
രാജ്യത്ത് പാല്‍ ഉല്‍പാദനത്തെ പിന്തുണക്കുന്നതില്‍ കന്നുകാലി മേഖല പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്ത് 74 ലക്ഷത്തിലേറെ ആടുകളും 5,02,000 പശുക്കളുമുണ്ട്. കന്നുകാലി പ്രജനനത്തിലും കന്നുകാലി വളര്‍ത്തലിലും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ഈ മേഖല ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു ഇത് ഉല്‍പാദന കാര്യക്ഷമത വര്‍ധിപ്പിക്കുകയും വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. കോഴിയിറച്ചി ഉല്‍പാദന മേഖലയില്‍ സ്വയംപര്യാപ്ത 72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം പത്തു ലക്ഷം ടണ്ണിലേറെ കോഴിറച്ചി രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതായും മന്ത്രാലയം പറഞ്ഞു.