ജിദ്ദ – ലോകത്തെ ഏറ്റവും വലിയ പത്തു കമ്പനികളില്‍ സൗദി ദേശീയ എണ്ണ കമ്പനിയായ അറാംകൊയും. ഗ്ലോബല്‍ ഫൈനാന്‍സ് മാസിക തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ പത്തു കമ്പനികളില്‍ എട്ടും അമേരിക്കന്‍ കമ്പനികളാണ്. സൗദി അറാംകൊക്കു പുറമെ ഒരു തായ്‌വാന്‍ കമ്പനിയും പട്ടികയിലുണ്ട്. ലോകത്ത് വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് ആപ്പിള്‍ ആണ്. ആപ്പിള്‍ കമ്പനി വിപണി മൂല്യം 3.387 ട്രില്യണ്‍ ഡോളറാണ്. പ്രധാന കമ്പനികളുടെ വിപണി മൂല്യം ഓരോ മിനിറ്റിലും എല്ലാ ദിവസവും മാറുന്നു. സെപ്റ്റംബര്‍ മൂന്നിലെ ഡാറ്റ അടിസ്ഥാനമാക്കിയാണ് ലോകത്തെ ഏറ്റവും വലിയ പത്തു കമ്പനികളുടെ പട്ടിക ഗ്ലോബല്‍ ഫൈനാന്‍സ് മാസിക തയാറാക്കിയത്. വില്‍പന കുറയല്‍ ഉള്‍പ്പെടെ ഓരോ കമ്പനിയുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടകങ്ങള്‍ കാരണം കമ്പനികളുടെ മൂല്യം മാറിയേക്കാം.
അമേരിക്കന്‍ തെരഞ്ഞെടുപ്പ്, ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, കോവിഡ് വ്യാപനത്തോടെ സംഭവിച്ചതു പോലുള്ള നിര്‍ദിഷ്ട മേഖലകളെയോ കമ്പനികളെയോ ബാധിക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ എന്നിങ്ങിനെയുള്ള ബാഹ്യഘടകങ്ങള്‍ കാരണവും കമ്പനികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായേക്കാം. കോവിഡ് വ്യാപനം ടൂറിസം പോലുള്ള മേഖലകളെ ദോഷകരമായി ബാധിച്ചപ്പോള്‍ ഡിജിറ്റല്‍, ഇ-കൊമേഴ്‌സ് മേഖലകള്‍ക്ക് അനുഗ്രഹമായി. ആപ്പിള്‍ കമ്പനിക്ക് പലതവണ ലോക കമ്പനികളുടെ മുന്‍നിര സ്ഥാനം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നതില്‍ കമ്പനി വിജയിച്ചു. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍, സൗദി അറാംകൊ എന്നീ കമ്പനികളാണ് നേരത്തെ ലോകത്തെ ഏറ്റവും വലിയ കമ്പനി എന്ന പദവിയില്‍ നിന്ന് നേരത്തെ ആപ്പിളിനെ പിന്തള്ളിയത്.
ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ വിപണി മൂല്യം നിര്‍മിത ബുദ്ധി മേഖലയിലെ വലിയ വളര്‍ച്ചയുടെ പിന്തുണയോടെ മൂന്നു ട്രില്യണ്‍ ഡോളര്‍ കവിയുകയും ജൂണില്‍ കുറച്ച് ദിവസത്തേക്ക് ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനിയായി എന്‍വിഡിയ മാറുകയും ചെയ്‌തെങ്കിലും വൈകാതെ കമ്പനി മൂല്യം കുറഞ്ഞ് പഴയപടിയിലായി. വിപണി മൂല്യം പ്രകാരം ഏറ്റവും വലിയ പത്തു കമ്പനികളില്‍ ഭൂരിഭാഗവും സാങ്കേതിക മേഖലയില്‍ നിന്നുള്ളവയാണ്.
അതേസമയം, ഒരു ദശാബ്ദം മുമ്പു വരെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനികളില്‍ ഭൂരിഭാഗവും വ്യാവസായിക മേഖലകളില്‍ നിന്നുള്ളവയായിരുന്നു. ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ കമ്പനി മൈക്രോസോഫ്റ്റ് ആണ്. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3.043 ട്രില്യണ്‍ ഡോളറാണ്. 2.649 ട്രില്യണ്‍ മൂല്യവുമായി എന്‍വീഡിയ മൂന്നാം സ്ഥാനത്തും 1.944 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി അല്‍ഫാബെറ്റ് നാലാം സ്ഥാനത്തും 1.849 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ആമസോണ്‍ അഞ്ചാം സ്ഥാനത്തും 1.797 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി സൗദി അറാംകൊ ആറാം സ്ഥാനത്തും 1.294 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി മെറ്റ പ്ലാറ്റ്‌ഫോംസ് ഏഴാം സ്ഥാനത്തും 1.028 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ബെര്‍ക്ഷീര്‍ ഹാഥവേ എട്ടാം സ്ഥാനത്തും 909 ബില്യണ്‍ ഡോളര്‍ മൂല്യവുമായി അമേരിക്കയിലെ ആരോഗ്യ സേവന മേഖലാ കമ്പനിയായ എലി ലില്ലി ഒമ്പതാം സ്ഥാനത്തും 832.3 ബില്യണ്‍ ഡോളര്‍ മൂല്യവുമായി തായ്‌വാന്‍ സെമികണ്ടക്ടര്‍ കമ്പനി പത്താം സ്ഥാനത്തുമാണ്.