ജിദ്ദ – ഫലസ്തീന്‍ അതോറിറ്റിക്ക് പിന്തുണ നല്‍കുകയെന്ന ദൗത്യത്തോടെ യു.എന്‍ തീരുമാന പ്രകാരം ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെ സൗദി അറേബ്യ പിന്തുണക്കുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. മാഡ്രിഡില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് സമ്മേളനത്തോടനുബന്ധിച്ച് ‘യുദ്ധങ്ങളും നിഴല്‍ യുദ്ധങ്ങളും: മിഡില്‍ ഈസ്റ്റില്‍ യൂറോപ്പിന്റെ ഓപ്ഷനുകള്‍ എന്തൊക്കെയാണ്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
വെടിനിര്‍ത്തലിന്റെ ഒരു ലക്ഷണവും ഗാസയില്‍ കാണാനില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന് വെല്ലുവിളിയായി ചിലര്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നത് എല്ലാ ദിവസവും കാണുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് വഴി കണ്ടെത്തുകയെന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. സ്‌പെയിനും മറ്റു രാഷ്ട്രങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ചക്രവാളത്തെ നശിപ്പിക്കാനുള്ള പോരാട്ടത്തില്‍ പ്രതീക്ഷയുടെ തിളക്കം നല്‍കുന്നു.
ഗാസയിലെ സ്ഥിതിഗതികള്‍ ഫലസ്തീന്‍ പ്രശ്‌നത്തെ മാത്രമല്ല, മുഴുവന്‍ മേഖലയെയും ബാധിക്കുന്നു. ഇത് വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു. ഗാസ പ്രതിസന്ധിയുടെ വികാസം കാരണം ദക്ഷിണ ലെബനോനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷത്തിനുള്ള ശാശ്വതവും നീതിയുക്തവുമായ പരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഭൂരിഭാഗം അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കുന്നു. എന്നാല്‍ ജൂത കുടിയേറ്റ കോളനികളുടെ തുടര്‍ച്ചയായ വിപുലീകരണം അടക്കം ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെച്ചേക്കാവുന്ന കാര്യങ്ങള്‍ക്കു മുന്നില്‍ അവര്‍ നിസ്സംഗ പുലര്‍ത്തുന്നു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കാനും കൂടുതല്‍ റിലീഫ് വസ്തുക്കള്‍ എത്തിക്കാനും തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സമാധാന പ്രക്രിയയെ പിന്തുണക്കുന്നതും ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമിക്കുന്നതും വളരെ പ്രധാനമാണ്. ഇസ്രായില്‍ ബാധ്യതകള്‍ പാലിക്കാത്തതിനെ അപലപിക്കലും, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതു പോലുള്ള കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കലുമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. ഫലസ്തീന്‍ ജനതക്ക് സ്വയം നിര്‍ണായവകാശത്തിന് പൂര്‍ണ അവകാശമുണ്ട്. ഒരു ജനതയെന്ന നിലയില്‍ അവര്‍ സ്വതന്ത്രവും അന്താരാഷ്ട്ര അംഗീകാരമുള്ളതുമായ ഒരു രാഷ്ട്രത്തിന് അര്‍ഹരാണ്.
യെമനില്‍ രാഷ്ട്രീയ സംവാദത്തെ സൗദി അറേബ്യ തുടര്‍ച്ചയായി പിന്തുണക്കുന്നു. യെമനിലെ സാഹചര്യങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക തലത്തില്‍ ഇപ്പോഴും ദുഷ്‌കരമാണ്. യെമനില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് നീങ്ങേണ്ടതുണ്ടെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.