ജിദ്ദ – രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ ശക്തമായ പരിശോധനയില്‍ 65 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസുകള്‍ കണ്ടെത്താനുമാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ ബിനാമി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളിലെ 2,305 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. നിയമപാലന നിരക്ക് വര്‍ധിപ്പിക്കാനും നിയമ ലംഘനങ്ങളും ബിനാമി കുറ്റകൃത്യങ്ങളും കണ്ടെത്താനുമായി സംശയത്തിന്റെ സൂചനകളുടെ അടിസ്ഥാനത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വിവിധ പ്രവിശ്യളില്‍ പരിശോധനകള്‍ തുടരുകയാണ്.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് ബിനാമി ബിസിനസുകളാണെന്ന് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളെ കുറിച്ച് 2,000 ഓളം പരാതികള്‍ ലഭിച്ചിരുന്നു. അധികൃതര്‍ നടത്തിയ പരിശോധനകള്‍ക്കിടെ 191 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ നിയമ ലംഘകര്‍ക്കെതിരായ കേസുകള്‍ പ്രത്യേക കമ്മിറ്റിക്ക് കൈമാറി. നിയമ നടപടികള്‍ സ്വീകരിക്കാന്‍ പത്തു കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.
https://twitter.com/i/status/1987826194373656970



